ഇറാന്‍ ആണവ കരാര്‍: രക്ഷാദൗത്യവുമായി ഇ യു

Posted on: May 17, 2018 6:15 am | Last updated: May 17, 2018 at 1:19 am

തെഹ്‌റാന്‍: ഇറാനുമായി ധാരണയിലെത്തിയ ആണവ കരാര്‍ സജീവമായി നിലനിര്‍ത്താന്‍ രക്ഷാമാര്‍ഗങ്ങളുമായി യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തി. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ ആണവ കരാര്‍ സജീവമായി നിലനിര്‍ത്തുന്നതിന് ഒമ്പത് സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാന്‍ ഈ രാജ്യങ്ങള്‍ ഇറാനുമായി ധാരണയിലെത്തി.

ഇന്നലെ ബ്രസല്‍സില്‍ വെച്ചായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തില്‍ പുതിയ ബദലുകള്‍ തേടിയായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയെന്നും വളരെ വേഗത്തില്‍ ചില തീരുമാനങ്ങളിലെത്തേണ്ടത് അനിവാര്യമാണെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആണവ കരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെട്ട രാജ്യങ്ങളെയും കമ്പനികളെയും ബാധിക്കുന്നതാണ് പുതിയ ഉപരോധമെന്നതിനാല്‍ യൂറോപ്യന്‍ യൂനിയനിലെ പല രാജ്യങ്ങളും അമേരിക്കയെ തള്ളിപ്പറഞ്ഞിരുന്നു.

അതേസമയം, അമേരിക്ക കരാറില്‍ നിന്ന് പിന്മാറിയതോടെ ബദലായി കൊണ്ടുവരേണ്ട നയം അത്ര എളുപ്പമായിരിക്കില്ലെന്ന്് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് പറഞ്ഞു. ഈ കരാറില്‍ ഉറച്ചുനില്‍ക്കാന്‍ നമ്മളും കരാറില്‍ പറഞ്ഞതനുസരിച്ച മാനദണ്ഡങ്ങള്‍ അംഗീകരിച്ച് ഇറാനും തീരുമാനിക്കുന്നുണ്ടെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ആണവ കരാര്‍ നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് നമ്മുടെ സുരക്ഷയുടെ കൂടി ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചകള്‍ക്ക് മുമ്പ് വ്യക്തമാക്കി. ആണവ കരാര്‍ പരിപൂര്‍ണാര്‍ഥത്തില്‍ തുടര്‍ന്നുപോകാനും പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.