കർണാടക: ഇനി മനക്കണക്കിന്റെ നാളുകള്‍

സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതി ആരോപണം നടത്തി സര്‍ക്കാറിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ബി ജെ പി ചില അവസരങ്ങളില്‍ കോപ്പൊരുക്കിയെങ്കിലും ആരോപണത്തിന്റെ കുന്തമുന ഒടിയുന്ന സംഭവ വികാസങ്ങള്‍ക്കാണ് കര്‍ണാടക രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. തീരദേശജില്ലകളിലാണ് കോണ്‍ഗ്രസ് വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്.
കർണാടക ഡയറി
Posted on: May 13, 2018 5:55 am | Last updated: May 12, 2018 at 11:25 pm

കര്‍ണാടക വിധിയെഴുതി. കന്നഡ മണ്ണ് ആരോടൊപ്പം എന്ന് ഉറ്റ് നോക്കുകയാണ് ദേശീയ രാഷ്ട്രീയം. മെയ് 15ന് ജനഹിതം പുറത്തുവരും. അതുവരെ കണക്കുകൂട്ടലിന്റെ നാളുകള്‍. തീരദേശ ജില്ലകളിലടക്കം പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധനവ് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ അവകാശപ്പെടുന്നു. ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ മാത്രമല്ല 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും കര്‍ണാടക ഫലം കാര്യമായി സ്വാധീനിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയത്. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. ഇതുകഴിഞ്ഞാല്‍ പഞ്ചാബാണ്. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകള്‍ എല്ലാം കോണ്‍ഗ്രസിന് ഉണ്ടാക്കിയത് കനത്ത തിരിച്ചടികളാണ്. കര്‍ണാടക കൂടി കൈവിട്ടാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്‌നത്തിലേക്ക് ബി ജെ പിക്ക് നടന്നടുക്കാന്‍ അധികം പ്രയാസപ്പെടേണ്ടിവരില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഏകമനസ്സോടെയും ഒറ്റക്കെട്ടായും കന്നഡ മണ്ണില്‍ കളം നിറഞ്ഞ് പോരാടിയത്.

കോണ്‍ഗ്രസ് പ്രതീക്ഷ @130

കര്‍ണാടകയില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണെങ്കിലും ത്രികോണ മത്സരവും ചതുഷ്‌കോണ മത്സരവും നടക്കുന്ന മണ്ഡലങ്ങളുമുണ്ട്. കോണ്‍ഗ്രസ് 130 സീറ്റുകളിലാണ് അവസാന നിമിഷം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. ബി ജെ പി 125 സീറ്റുകള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. 113 സീറ്റുകള്‍ ലഭിക്കുമെന്നാണ് ജനതാദള്‍- എസിന്റെ അവകാശ വാദം. മിഷന്‍ 150 എന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബി ജെ പി ഘടകത്തിന് തുടക്കം മുതല്‍ തന്നെ ശക്തമായ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. യെദ്യൂരപ്പയില്‍ നിന്ന് തുടങ്ങിയ ഈ തിരിച്ചടികള്‍ പ്രചാരണത്തിന്റെ അവസാന നാളുകളില്‍ കളം നിറഞ്ഞ നരേന്ദ്ര മോദിയില്‍ വരെ എത്തി. ദളിത് വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം നിരാകരിച്ച് സവര്‍ണ മനോഭാവം കാണിച്ച യെദ്യൂരപ്പ വിവാദത്തിലാവുകയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. പിന്നീടാണ് അവരുടെ വീടുകളിലെത്തി ഭക്ഷണം കഴിക്കുന്നതിലേക്കും വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം വിളമ്പുന്നതിലേക്കും കാര്യങ്ങളെത്തിയത്. റെഡ്ഢി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കിയതും ജനാര്‍ദന റെഡ്ഢിയെ പ്രചാരണത്തിനിറക്കിയതുമെല്ലാം ബി ജെ പിയെ തിരിഞ്ഞുകുത്തി. 12 വര്‍ഷമായി അധികാരം വിട്ടുനില്‍ക്കുന്ന ജനതാദള്‍- എസിനും ഇത്തവണ നില മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇക്കുറി ഭരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ അടവുകളും പയറ്റിയാണ് അവര്‍ പോര്‍ക്കളത്തില്‍ നിറഞ്ഞുനിന്നത്.

സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതി ആരോപണം നടത്തി സര്‍ക്കാറിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ബി ജെ പി ചില അവസരങ്ങളില്‍ കോപ്പൊരുക്കിയെങ്കിലും ആരോപണത്തിന്റെ കുന്തമുന ഒടിയുന്ന സംഭവ വികാസങ്ങള്‍ക്കാണ് കര്‍ണാടക രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. തീരദേശജില്ലകളിലാണ് കോണ്‍ഗ്രസ് വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്.

നഗരം ആര്‍ക്കൊപ്പം?

നഗര പ്രദേശങ്ങളില്‍ ബി ജെ പിക്കാണ് മേധാവിത്വം. ഈ മേല്‍ക്കോയ്മ തിരിച്ചുപിടിക്കാനാണ് രാഹുല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ശക്തമായ പ്രചാരണം നടത്തിയത്. ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തുണയായത് നഗരങ്ങളില്‍ പാര്‍ട്ടിക്ക് ലഭിച്ച വര്‍ധിച്ച പിന്തുണയായിരുന്നു. ഇതിന് സമാനമായ സാഹചര്യമാണ് കര്‍ണാടകയിലും നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ പ്രചാരണം നടത്തിയത്. ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായി. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നഗരങ്ങളില്‍ ചെറിയ തോതില്‍ തിരിച്ചടിയുണ്ടായതിന് കാരണം ബി എസ് യെദ്യൂരപ്പയുടെ കെ ജെ പിയായിരുന്നു. ഇന്ന് കെ ജെ പിയില്ല. ഇതോടെ നഗരങ്ങളിലുള്ള സ്വാധീനം തിരിച്ചുപിടിച്ചിരിക്കുകയാണ്. യെദ്യൂരപ്പ തിരിച്ചെത്തിയതിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു ഉള്‍പ്പെടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലത്തിലും ബി ജെ പിയാണ് വിജയിച്ചത്. ബെംഗളൂരു കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 എണ്ണത്തിലും വിജയിച്ചു. ഇതില്‍ നിന്ന് തന്നെ ബി ജെ പിയുടെ നഗര മേഖലയിലെ സ്വാധീനം വ്യക്തമാണ്. എന്നാല്‍ 2013ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരുവിലെ 28 മണ്ഡലങ്ങളില്‍ 13 എണ്ണത്തില്‍ കോണ്‍ഗ്രസും 12 എണ്ണത്തില്‍ ബി ജെ പിയും മൂന്നെണ്ണത്തില്‍ ജനതാദള്‍- എസുമാണ് വിജയിച്ചത്. സംസ്ഥാനത്തെ നഗരസഭ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബി ജെ പിയാണ് മുന്നില്‍. എന്നാല്‍ ഗ്രാമങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസിനും ജനതാദള്‍- എസിനുമാണ് സ്വാധീനം.

ചാഞ്ചാടുന്ന ഗ്രാമം

ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനാണ് ആധിപത്യം. നഗരങ്ങളില്‍ ബി ജെ പി നേടിയെടുത്ത സ്വാധീനം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ വീണ്ടും ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് എളുപ്പം സാധിക്കും. സമുദായ സംഘടനകളെ കൂടെ നിര്‍ത്തി കന്നഡ വികാരം അനുകൂലമാക്കുന്നതിനുള്ള നടപടികളാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അഹിന്ദ കൂട്ടായ്മ, ലിംഗായത്തിന് പ്രത്യേക മത പദവി എന്നിവ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 26 സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് ഒമ്പതെണ്ണമാണ്. ഗ്രാമങ്ങളില്‍ അടിത്തറ ശക്തമാക്കാന്‍ മെഹദായി അടക്കമുള്ള ജലവിതരണ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നപടി സ്വീകരിക്കുന്നത് ബി ജെ പിക്ക് നേട്ടമാവും.

ഗുജറാത്തിനെ പോലെ ജാതി സമവാക്യങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് കര്‍ണാടക. പട്ടേല്‍ സമുദായം സംവരണത്തിനായി നടത്തിയ പ്രക്ഷോഭത്തിന് സമാനമാണ് ലിംഗായത്ത് വിഭാഗം പ്രത്യേക മതത്തിന് വേണ്ടി നടത്തിയ സമരം. സമുദായ വോട്ടുകള്‍ കര്‍ണാടകയില്‍ നിര്‍ണായകമാണ്. ഗുജറാത്തില്‍ പട്ടേലുകളുടെ പ്രക്ഷോഭം കോണ്‍ഗ്രസിനെയാണ് സഹായിച്ചത്. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണച്ചിരുന്ന പട്ടിദാര്‍ സമുദായത്തിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു. എന്നാല്‍ പട്ടീദാര്‍ സമുദായ പ്രക്ഷോഭവും ലിംഗായത്ത് മതവിവാദവും രണ്ടാണെന്നാണ് ബി ജെ പിയുടെ വാദം. ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭയുടെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നാണ് ലിംഗായത്ത് നേതാവായ ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയത്.

അട്ടിമറി?

വോട്ടെടുപ്പിന് ഒരു ദിവസം മുമ്പെയാണ് രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവം ചൂട് പിടിച്ചത്. ജാലഹള്ളിയില്‍ മഞ്ജുള നന്‍ജമാരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 9,746 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഇവിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തിര. കമ്മീഷന്‍ നിര്‍ബന്ധിതമായി. ഈ മാസം 28നാണ് ഇവിടെ തിരഞ്ഞെടുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ ആര്‍ നഗറിലെ കോണ്‍ഗ്രസ് എം എല്‍ എയും സ്ഥാനാര്‍ഥിയുമായ എന്‍ മുനിരത്‌ന ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുനിരത്‌നയുടെ അനുയായിയാണ് ഫ്‌ളാറ്റുടമ. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നിയമവിരുദ്ധ നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കുന്നതാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവമെന്നും കമ്മീഷന്‍ വിലയിരുത്തി.