മാവോയിസ്റ്റ് പുനരധിവാസം

Posted on: May 10, 2018 11:35 pm | Last updated: May 10, 2018 at 11:35 pm

കീഴടങ്ങാന്‍ സന്നദ്ധതയുള്ള മാവോയിസ്റ്റുകള്‍ക്ക് കര്‍ണാടക മോഡല്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ടവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയനുസരിച്ചു കീഴടങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ. വിവാഹത്തിന് 25,000 രൂപ, തങ്ങളുടെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്ക്, വീടില്ലാത്തവര്‍ക്ക് സര്‍ക്കാറിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് തുടങ്ങിയ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കീഴടങ്ങിയാല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ വളര്‍ച്ച നിയന്ത്രിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആനുകൂല്യങ്ങള്‍ നേടുന്നതിനു മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുംവിധമാണ് പദ്ധതി തയാറാക്കിയത്.

ഇതിനിടെ കര്‍ണാടക സര്‍ക്കാര്‍ മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചു പോലീസിന് കീഴടങ്ങുന്നവര്‍ക്ക് പുരധിവാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കന്യാകുമാരി ഉള്‍പ്പെടെയുള്ള നിരവധി മാവോയിസ്റ്റുകള്‍ കീഴടങ്ങി. പുനരധിവാസ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തിലും കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാണെന്ന് കന്യാകുമാരി പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാനത്തും പുരധിവാസ പദ്ധതി നടപ്പാക്കാക്കാന്‍ തീരുമാനമായത്. ഇതുസംബന്ധമായി പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കിയത് മാവോവാദി വിരുദ്ധപ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ഡി ജി പി രാജേഷ് ദിവാനാണ.് മറ്റു സംസ്ഥാനങ്ങളിലെ നയങ്ങള്‍കൂടി പരിശോധിച്ചു ചില മാറ്റങ്ങള്‍ വരുത്തിയാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാറിനു സമര്‍പ്പിച്ചത്.

എഴുപതുകളില്‍ സജീവമായിരുന്ന കേരളത്തിലെ മാവോവാദി പ്രവര്‍ത്തനം വേരറ്റുവെന്നാണ് കരുതപ്പെട്ടിരുന്നത്. അജിതയും കെ വേണുവും ഫിലിപ്പ് എം പ്രസാദും അടക്കമുള്ളവര്‍ ജയില്‍ മോചിതരായ ശേഷം മറ്റു പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത് ഈ ധാരണക്ക് ബലമേകുകയും ചെയ്തു. 2013 തുടക്കത്തില്‍ വനപ്രദേശങ്ങളില്‍ ആയുധങ്ങളുമായി ചിലരെ കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് മാവോ വാദി പ്രസ്ഥാനം വേരറ്റിട്ടില്ലെന്ന് വ്യക്തമാവുന്നത്. നിലമ്പൂര്‍, ആറളം, മാനന്തവാടി, തോല്‍പെട്ടി, തിരുനെല്ലിയിലെ ബ്രഹ്മഗിരി തുടങ്ങിയ പ്രദേശങ്ങളിലാണ് ആയുധ ധാരികളെ കണ്ടെത്തിയത്. ഇടക്കാലത്ത് ചിട്ടയായ നിശ്ശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൂടുതല്‍ കരുത്ത് നേടുകയായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലകളില്‍ സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 10 സംസ്ഥാനങ്ങളിലെ 106 ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായാണു മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. റോഡ്, പാലം എന്നിവയുടെ നിര്‍മാണമടക്കം വികസനപ്രവര്‍ത്തനങ്ങളെ തടയാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതായും ആഭ്യന്തരസുരക്ഷാ ഭീഷണികള്‍ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധകാട്ടുന്നില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് സെന്റര്‍, സി പി എ(മാവോയിസ്റ്റ്) സി പി ഐ(എം എല്‍) എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്.

സായുധവേട്ട നിര്‍ത്തിവെച്ചു മാവോതീവ്രവാദികളെ നയപരമായ മാര്‍ഗേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള സര്‍ക്കാറിന്റെ പദ്ധതി സ്വാഗതാര്‍ഹമാണ്. ഇതോടൊപ്പം ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആളുകള്‍ ആകൃഷ്ടമാകുന്നതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതുമുണ്ട്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിവിധ അവസരങ്ങളുടെ വിതരണത്തിലെ അസമത്വം ഉള്‍പ്പെടെ ഭരണകൂടത്തില്‍ നിന്നുള്ള നീതിനിഷേധവും അവഗണനയുമാണ് മാവോയിസത്തിലേക്ക് ആളുകള്‍ ആകൃഷ്ടമാകുന്നതിന്റെ മുഖ്യ കാരണം. എക്കാലത്തും ആദിവാസികളെ പോലെയുള്ള പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളിലാണ് അവര്‍ക്ക് ചുവടുറപ്പിക്കാനായതെന്നത് ശ്രദ്ധേയമാണ്. ഇത്തരം പിന്നാക്ക വിഭാഗങ്ങളെ സമുദ്ധരിച്ചു പൊതുധാരയിലെത്തിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ പരാജയപ്പെടുകയായിരുന്നു. പോഷകാഹാരക്കുറവിനെ തുടര്‍ന്നുള്ള ശൈശവ മരണങ്ങളും പട്ടിണി മരണങ്ങളും ആദിവാസി മേഖലകളിലെ പതിവു വാര്‍ത്തയാണ്. ദിനംപ്രതി അവര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അവരുടെ ജീവിത സമുദ്ധാരണത്തിനായി അനുവദിക്കുന്ന ഫണ്ടുകള്‍ എത്തിച്ചേരുന്നത് ഇടനിലക്കാരുടെ പോക്കറ്റുകളിലാണ്. ഈ സാഹചര്യത്തില്‍ സായുധ വിപ്ലവത്തിലൂടെ മാത്രമേ നല്ല നാളെയെ വരവേല്‍ക്കാനാകൂവെന്ന മാവോയിസ്റ്റുകളുടെ വാഗ്ദാനത്തില്‍ സാധാരണക്കാര്‍ അകപ്പെടുകയാണ്. ഒരു ക്രമസമാധാന പ്രശ്‌നമെന്നതിലുപരി രാഷ്ട്രീയ പ്രശ്‌നമായാണ് വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. അരുവത്കരിക്കപ്പെട്ടവരുടെ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാകണം മുന്‍ഗണന.