Connect with us

Kerala

തില്ലങ്കേരി ചാളപറമ്പില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി

Published

|

Last Updated

കണ്ണൂര്‍ തില്ലങ്കേരിയിലെ പറമ്പില്‍ നിന്ന് കണ്ടെത്തിയ ഐസ്‌ക്രീം ബോംബുകള്‍

ഇരിട്ടി: തില്ലങ്കേരി പഞ്ചയാത്തിലെ ചാളപറമ്പില്‍ നിന്ന് ഉഗ്ര ശേഷിയുള്ള 11 ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാളപറമ്പ് കുനാര്‍ക്കുന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഐസ്‌ക്രീം ബോംബ് ശേഖരം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍.

മുഴക്കുന്ന് എസ് ഐ. പി രാജേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു പരിശോധന. ബോംബുകള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം വെച്ച് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകളും കണ്ടെത്തി. ബോംബെല്ലാം അടുത്തകാലത്ത് നിര്‍മിച്ചവയാണെന്ന് പോലീസ് പറഞ്ഞു.

അഞ്ച് ദിവസം മുമ്പ് തൊട്ടടുത്ത കാര്‍ക്കോട് സ്വകാര്യവ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളില്‍ തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തുന്ന ഉഗ്രശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

റെയിഡിന് മുഴക്കുന്ന് എസ് ഐ. രവീന്ദ്രന്‍, എ എസ് ഐ ജോസഫ്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ പി കെ ശശീധരന്‍, സുമേഷ്, മുനീര്‍, സി പി ഒമാരായ രാജേഷ്, ഷിജിത്ത്, ബോംബ് സ്‌ക്വാഡ് നേതൃത്വം നല്‍കി.