കേരളമടക്കം 20 സ്ംസ്ഥാനങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Posted on: May 7, 2018 11:46 am | Last updated: May 7, 2018 at 1:45 pm

ന്യൂഡല്‍ഹി: അടുത്ത രണ്ട് ദിവസങ്ങള്‍ക്കൂടി വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ശക്തമായ കാറ്റിനും ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 50കി.മി വേഗതയില്‍ കാറ്റ് വീശിയേക്കാം. ജമ്മു കശ്മീര്‍,ഹിമാചല്‍പ്രദേശ്,ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴക്കൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടാകും. പഞ്ചാബ് ,ഹരിയാന എന്നിവിടങ്ങളില്‍ ഇന്നും നാളെയും കനത്ത മഴ പെയ്യും. ഇതിന് പുറമെ ഡല്‍ഹി , അസ്സാം,മേഘാലയ,നാഗാലാന്‍ഡ്,മണിപ്പൂര്‍,മിസോറം,ത്രിപുര, യു പി എന്നിവിടങ്ങളിലും മഴ പെയ്യും. കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഹരിയാനയില്‍ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരളത്തിലടക്കം ചൊവ്വാഴ്ചവരെ കനത്ത മഴപെയ്‌തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 20 സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.