ഉന്നിനെ കാണാന്‍ ട്രംപ് സമയവും സ്ഥലവും കുറിച്ചു

Posted on: May 6, 2018 1:55 pm | Last updated: May 6, 2018 at 1:55 pm

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് സമയവും സ്ഥലവും നിശ്ചയിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം ഉടന്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള ഡീ മിലിറ്ററൈസ്ഡ് സോണില്‍ വെച്ചാകാം ചര്‍ച്ചയെന്ന് നേരത്തേ ട്രംപ് നിര്‍ദേശിച്ചിരുന്നു. സിംഗപ്പൂരില്‍ വെച്ചാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഞങ്ങള്‍ തീയതി കുറിച്ചു കഴിഞ്ഞു. സ്ഥലവും തീരുമാനമായി. ഉടന്‍ പ്രഖ്യാപിക്കും’- വൈറ്റ്ഹൗസില്‍ നിന്ന് ടെക്‌സാസിലേക്ക് തിരിക്കവേ ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെച്ചൊല്ലി രൂക്ഷമായ വാക്‌പോരിന് ശേഷമാണ് ഇരു നേതാക്കളും ചരിത്രപരമായ കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നത്.

എന്നാല്‍ കിം ജോംഗ് ഉന്നിന്റെ പ്രതിച്ഛായ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ചൈനയിലും ദക്ഷിണ കൊറിയയിലും ചെന്ന ഉന്‍ സമാധാന പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഈയിടെ നടത്തിയത്. 1950കള്‍ മുതല്‍ യുദ്ധാവസ്ഥയിലുള്ള ഇരു കൊറിയകള്‍ക്കുമിടയില്‍ യുദ്ധവിരാമ കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞ ആഴ്ച നടന്ന ദ. കൊറിയ- ഉ. കൊറിയ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.
ആണവ പരിപാടികള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന ആവശ്യം തന്നെയാകും ട്രംപ് മുന്നോട്ട് വെക്കുക. ഉത്തര കൊറിയ തടവില്‍ വെച്ച മൂന്ന് അമേരിക്കക്കാരെ വിട്ടയക്കണമെന്നും ആവശ്യപ്പെടും. ദക്ഷിണ കൊറിയയില്‍ യു എസ് സൈനിക സാന്നിധ്യം കുറക്കണമെന്ന ആവശ്യമാകും കിം ജോംഗ് ഉന്‍ ഉയര്‍ത്തുക. ഇക്കാര്യത്തില്‍ ചര്‍ച്ചയേ ഇല്ലെന്നാണ് ട്രംപ് പറയുന്നത്.