ഇല്ല, ഇന്ന് മുതല്‍ നോക്കുകൂലി

  • ചുമട്ട് തൊഴിലാളി നിയമ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചു
  • പണം വാങ്ങുന്നത് ജാമ്യമില്ലാക്കുറ്റം
Posted on: May 1, 2018 6:08 am | Last updated: May 1, 2018 at 10:55 am

തിരുവനന്തപുരം: സംസ്ഥാനത്തത് നോക്കുകൂലി സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അംഗീകാരം നല്‍കി. വിവിധ സംഭവങ്ങളിലൂടെ സംസ്ഥാനത്തിന് ഏറെ മാനക്കേടുണ്ടാക്കിയ നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇന്നു മുതല്‍ കേരളം നോക്കുകൂലി സമ്പ്രദായം പൂര്‍ണമായി ഇല്ലാതാകുന്ന സംസ്ഥാനമാകും.

നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് നേരത്തെ തൊഴില്‍ മന്ത്രി പി ടി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തൊഴിലാളികള്‍ അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍ വകുപ്പിനെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുപ്രകാരം കൂടുതലായി വാങ്ങിയ കൂലി തിരികെ വാങ്ങിക്കൊടുക്കാനും ബന്ധപ്പെട്ട തൊഴിലാളിയുടെ റജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കാനും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ട്. അതേസമയം, പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികള്‍ക്കു വിദഗ്ധരായ തൊഴിലാളികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനും ഇനി സ്വാതന്ത്ര്യമുണ്ടാകും. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒമ്പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്.

ഭേഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ തൊഴില്‍ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ അനാരോഗ്യപ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവണതകളെ ചെറുക്കാനായി നോക്കുകൂലി നിയമം ഭേദഗതി ചെയ്തത്. തൊഴില്‍മേഖലകളില്‍ ചില യൂനിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കുന്നതോടൊപ്പം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും. അതത് ജില്ലകളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി നല്‍കണമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ കൂലി നല്‍കണമെന്നും നിര്‍ദേശിക്കുന്ന ഉത്തരവ് ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാനും ഇതോടൊപ്പം അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് അതത് മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കാനും അനുമതി നല്‍കുന്നുണ്ട്്. ഇതിന് പുറമെ തൊഴില്‍വകുപ്പോ ചുമട്ടുതൊഴിലാളിക്ഷേമനിധി ബോര്‍ഡോ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത് കൈവശം വെക്കണമെന്നും കൂലിക്ക് കണ്‍വീനറോ പൂള്‍ ലീഡറോ ഒപ്പിട്ട് ഇനംതിരിച്ച രസീത് തൊഴിലുടമക്ക് നല്‍കണമെന്നും ഏതെങ്കിലും തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റുതടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും തൊഴിലാളികളോട് നിര്‍ദേശിക്കുന്നുണ്ട്.

അധികനിരക്ക് ഈടാക്കിയാല്‍ അസി. ലേബര്‍ ഓഫീസര്‍മാരോ ജില്ലാ ലേബര്‍ ഓഫീസര്‍മാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കാനും ആവശ്യമെങ്കില്‍ ക്ഷേമനിധിബോര്‍ഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാനും ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. നേരത്തെ മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ട്രേഡ് യൂനിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.