Connect with us

Gulf

അതിവേഗ ചരക്കു നീക്കത്തിന് ഡി പി വേള്‍ഡ് ഹൈപര്‍ലൂപ് ഉപയോഗിക്കും; കരാറായി

Published

|

Last Updated

ഡി പി വേള്‍ഡില്‍ ഹൈപ്പര്‍ലൂപ് ഉപയോഗം വിശദീകരിക്കുന്ന വീഡിയോ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം തുടങ്ങിയവര്‍ വീക്ഷിക്കുന്നു

ദുബൈ: അതിവേഗ ചരക്കു നീക്കത്തിന് ഹൈപര്‍ലൂപ് ഉപയോഗപ്പെടുത്തുമെന്നു ഡി പി വേള്‍ഡ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിര്‍ജിന്‍ കമ്പനിയുമായി ധാരണയിലെത്തി. ഡി പി വേള്‍ഡ് കാര്‍ഗോ സ്പീഡ് എന്ന പേരില്‍ സംയുക്ത സംരംഭമായിരിക്കും ഇത്. ഹൈപര്‍ലൂപാണ് എല്ലാം രൂപകല്‍പന ചെയ്യുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ജെറ്റ് എയര്‍ക്രാഫ്റ്റിനേക്കാള്‍ വേഗത്തില്‍ തുരങ്കത്തില്‍ സഞ്ചരിക്കുന്ന വാഹനമാണ് ഹൈപര്‍ലൂപ്. അതിവേഗ ചരക്കു ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. വിര്‍ജിന്‍ ഹൈപര്‍ലൂപില്‍ ഏറ്റവും നിക്ഷേപം നടത്തുന്ന കമ്പനിയായി ഡി പി വേള്‍ഡ് മാറി. 30 കോടി ഡോളറാണ് കമ്പനിയുടെ മൂലധനം.

യു എ ഇക്കു പിന്നാലെ ഇന്ത്യയില്‍ 130 കിലോമീറ്റര്‍ പാത നിര്‍മിക്കുമെന്ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. പരിശോധനകള്‍ നടന്നു വരുന്നു. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ളതാണ് ഹൈപര്‍ലൂപെന്നു ബ്രാന്‍സണ്‍ ചൂണ്ടിക്കാട്ടി. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ചു ഡി പി വേള്‍ഡ് മാറുകയാണെന്നും സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം പറഞ്ഞു.

ഹൈപ്പര്‍ ലൂപ് ഉപയോഗിച്ചുള്ള ചരക്ക് നീക്കം ഗ്രാഫിക്‌സില്‍

ചരക്കു ഗതാഗത ഹൈപര്‍ലൂപ്പ് “പോഡ്” തുടക്കത്തില്‍ വിമാന വേഗത്തില്‍ മാത്രമേ പോവുകയുള്ളൂ. അതേസമയം ഒരു ട്രക്കിന്റെ ഊര്‍ജം വഹിക്കും. ചരക്കു വാഹനങ്ങള്‍ റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഒഴിവാകും. ഹൈ സ്പീഡ് റെയില്‍ സംവിധാനത്തിന് വേണ്ടിവരുന്നതിന്റെ മൂന്നില്‍ രണ്ടു ചെലവ് മാത്രമാണ് ആവശ്യമാകുക.

കഴിഞ്ഞ വര്‍ഷം നെവാഡയില്‍ ഹൈപര്‍ലൂപ് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അബുദാബിയില്‍ നിര്‍മാണകേന്ദ്രം തുടങ്ങുകയും ചെയ്തു.

Latest