ലിഗയുടെ കൊലപാതകം

Posted on: April 30, 2018 6:00 am | Last updated: April 29, 2018 at 9:56 pm

ലിഗയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ സുരക്ഷിതമല്ലെന്ന പ്രചാരണം ആഗോള സമൂഹത്തില്‍ ശക്തമാവുകയും രാജ്യം കൂടുതല്‍ നാണം കെട്ടിരിക്കുകയുമാണ്. അടുത്ത കാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശ വനിതകള്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിനൊപ്പം ആഗ്രയിലേക്ക് പോകുകയായിരുന്ന സ്വിസ് വനിതയെ മധ്യപ്രദേശ് ധാട്യ മേഖലയിലെ വന മേഖലയില്‍ ആറ് പേര്‍ ചേര്‍ന്നു പീഡിപ്പിച്ചതും, ഡല്‍ഹിയില്‍ അമ്പത്തിയൊന്നുകാരിയായ ഡാനിഷ് ടൂറിസ്റ്റിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം നാല് പേര്‍ ചേര്‍ന്നു കൂട്ടമാനഭംഗത്തിനിരയാക്കിയതും, ഇരുപത് വയസ്സുകാരിയായ റഷ്യന്‍ വനിതയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍ പ്രദേശ് വൃന്ദാവനില്‍ പ്രമുഖ ദേശീയ ബേങ്കിന്റെ മാനേജര്‍ മഹേന്ദ്ര പ്രസാദ് സിംഗ് അറസ്റ്റിലായതും അടുത്ത കാലത്താണ്.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ എം എഫ് അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെയെ പോലെ അന്താരാഷ്ട്രതലത്തിലെ പ്രമുഖര്‍ ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി ഭരണകൂടത്തെ അടിക്കടി ഓര്‍മിപ്പിക്കുന്നതും അമേരിക്കയുടെ പുതുക്കിയ യാത്രാ നിര്‍ദേശങ്ങളില്‍ സ്ത്രീകള്‍ ഒറ്റക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് കര്‍ശനമായ താക്കീതുമെല്ലാം. കഴിഞ്ഞ വാരത്തില്‍ ഐ എം എഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി മോദിയും അധികാരികളും സ്ത്രീ സുരക്ഷക്കായി കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഉണര്‍ത്തിയത്. അടുത്തിടെ കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോദി ലണ്ടനിലെത്തിയപ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയരുകയുമുണ്ടായി.

വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ഭര്‍ത്താവ് ആന്‍ഡ്രൂസിനും സഹോദരി ഇലീസക്കുമൊപ്പം ലിത്വാനിയ സ്വദേശി ലിഗ മാര്‍ച്ച് ആദ്യത്തില്‍ തിരുവനന്തപുരം പോത്തന്‍കോട്ട് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെ മാര്‍ച്ച് 14 മുതല്‍ ലിഗയെ കാണാതായി. ഭര്‍ത്താവും സഹോദരിയും എല്ലായിടത്തും തിരഞ്ഞു. ഫലമില്ലാതാപ്പോള്‍ ‘ലിഗയെ കാണാനില്ലെ’ന്ന് കാണിച്ചു നാടൊട്ടുക്കും പോസ്റ്റര്‍ പതിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവികള്‍ക്കും മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണതലത്തിലുള്ളവര്‍ക്കും പരാതിയും നല്‍കി. അവസാനം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കോവളം ബീച്ചില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ വാഴാമുട്ടത്ത് ആളൊഴിഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നിന്നും ലിഗയുടെ മൃതദേഹമാണ് കണ്ടെത്താനായത്.

വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നും ആന്തരിക അവയവങ്ങള്‍ക്കും ശരീരത്തിനും പരുക്കുകളില്ലാത്തതിനാല്‍ മരണത്തില്‍ ദുരൂഹതയോ അസ്വഭാവികതയോ ഇല്ലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടെങ്കിലും അവരെ ആരോ അപായപ്പെടുത്തിയതാണെന്നായിരുന്നു ബന്ധുക്കളുടെ തുടക്കത്തിലേയുള്ള നിഗമനം. ഇത് ശരിവെക്കുന്നതാണ് വിദഗ്ദ്ധ സംഘം തയ്യാറാക്കിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ കണ്ടെത്തിയതായി രണ്ട് ദിവസം മുമ്പ് പുറത്തുവന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. .കഴുത്തില്‍ ആരോ അമര്‍ത്തിപിടിച്ചപ്പോള്‍ കാലുകള്‍ നിലത്തുരച്ചതിനാല്‍ ഉണ്ടായതാണ് കാലിലെ മുറിവെന്നു സംശയിക്കപ്പെടേണ്ടതുണ്ട്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവുകള്‍ പോലെയാണിത്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.

രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വിദേശികള്‍ക്ക് സുരക്ഷാ ബോധത്തോടെ വന്നു പോകാവുന്ന പ്രദേശമാണ് കേരളമെന്ന വിശ്വാസം നഷ്ടമാക്കുന്നതാണ് ലിഗയുടെ മരണം. മാത്രമല്ല, കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ലിഗയുടെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ വ്യാപകമായ പരാതിയുമുണ്ട്. ലിഗയെ കാണാതായ അന്നു തന്നെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും അവര്‍ അപ്രത്യക്ഷമായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഗൗരവതരമായ അന്വേഷണം തുടങ്ങിയതെന്നും സഹോദരി എലിസാ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുകയുണ്ടായി.ഐറിഷ് പത്രമായ സണ്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തില്‍ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദനും പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും ലിഗയുടെ തിരോധാനം സംബന്ധിച്ചു പരാതിപ്പെട്ടപ്പോള്‍ പോലീസ് തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണുണ്ടായതെന്നും ആന്‍ഡ്രൂ ജോര്‍ദന്‍ പറയുന്നു. ആരോപണങ്ങള്‍ അപ്പടി വസ്തുതാപരമോ സത്യസന്ധമോ ആയിരിക്കണമെന്നില്ല. കിട്ടിയ അവസരം സര്‍ക്കാറിനെതിരായി ഉപയോഗപ്പെടുത്താനുള്ള രാഷ്ട്രീയ വിരോധികളുടെയോ സാമ്പത്തിക തട്ടിപ്പുകാരുടെ കളിയോ മറ്റോ അതിന് പിന്നിലുണ്ടാകാം.

ടൂറിസ മേഖലക്ക് തിരിച്ചടിയുള്‍പ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ലിഗയുടെ കൊലപാതകം. സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കൊലപാതകികളെ കണ്ടെത്തി മതിയായ ശിക്ഷ ഉറപ്പ് വരുത്തുകയും സ്ത്രീസുരക്ഷക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ വിദേശികള്‍ കേരളത്തിലേക്ക് വരാന്‍ പലവട്ടം ആലോചിക്കുന്ന സ്ഥിതിയുണ്ടാകും. അന്വേഷണം കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാറും പോലീസ് മേധാവികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.