പെണ്‍കുട്ടികളെ ബിജെപി നേതാക്കളില്‍ നിന്ന് രക്ഷിക്കേണ്ട സ്ഥിതിയെന്ന് രാഹുല്‍

Posted on: April 23, 2018 3:05 pm | Last updated: April 24, 2018 at 7:39 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്ല, സ്വന്തം കാര്യത്തില്‍ മാത്രമാണ് മോദിക്ക് താത്പര്യമെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ദളിതര്‍ക്കോ, സ്ത്രീകള്‍ക്കോ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കോ നരേന്ദ്ര മോദിയുടെ മനസില്‍ സ്ഥാനമില്ല. ഭരണഘടനാ സ്ഥാപനങ്ങളില്‍ മുഴുവന്‍ ആര്‍.എസ്.എസ് ആശയം പിന്തുടരുന്നവരെ കുത്തിത്തിരുകിയിരിക്കുകയാണ്. ബി.ജെ.പിക്കാര്‍ എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല.

രാജ്യത്ത് സ്ത്രീകളും കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ബലാത്സംഗ കേസുകള്‍ ദിനേന വര്‍ധിക്കുന്നു. ഭരണത്തില്‍ കയറിയപ്പോള്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാലിപ്പോള്‍ ബി.ജെ.പി നേതാക്കളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതിയാണ്. ദളിതര്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ മിണ്ടാതിരുന്നയാളാണ് മോദി. 2019ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനൊക്കെ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളും ആശയങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ ശരിക്കുള്ള ശക്തി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാം. 70 വര്‍ഷം കൊണ്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യയുടെ സല്‍പ്പേര് നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി തകര്‍ത്തു. ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ദേശീയ തലത്തില്‍ ഒരു വര്‍ഷത്തോളം നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.