ഒടുവില്‍ എന്‍ എ ഹാരിസിന് സീറ്റ്; ശാന്തിനഗര്‍ തന്നെ ലഭിക്കും

Posted on: April 22, 2018 10:56 am | Last updated: April 22, 2018 at 10:56 am

ബെംഗളൂരു: ശാന്തിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ. എന്‍ എ ഹാരിസ് വീണ്ടും ജനവിധി തേടും. അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള ഫോം പാര്‍ട്ടി നേതൃത്വം ഇന്ന് ഹാരിസിന് കൈമാറും. കാസര്‍കോട് കീഴൂര്‍ സ്വദേശിയായ ഹാരിസ് ഇത് മൂന്നാം തവണയാണ് ശാന്തിനഗറില്‍ നിന്ന് മത്സരിക്കുന്നത്.

ശാന്തിനഗര്‍ ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മകന്‍ മുഹമ്മദ് നാലപ്പാട്ട് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് യുവാവിനെ മര്‍ദിച്ച സംഭവമാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഹാരിസ് പുറത്താകാന്‍ കാരണമായത്. ഈ സംഭവം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍, ശാന്തിനഗറില്‍ നിന്ന് തന്നെ ഹാരിസിനെ മത്സരിപ്പിക്കാന്‍ അവസാന നിമിഷം കോണ്‍ഗ്രസില്‍ ധാരണയാകുകയായിരുന്നു.
സിറ്റിസണ്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ ബെംഗളൂരുവിലെ 27 എം എല്‍ എമാരില്‍ മികച്ച സാമാജികനായി ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം എല്‍ സി കൂടിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിസ്‌വാന്‍ അര്‍ശദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തിയിരുന്നുവെങ്കിലും ഭാഗ്യ പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറാകാത്തതോടെ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം എളുപ്പമാക്കി. ഇവിടെ ബി ജെ പിക്ക് വേണ്ടി സപ്തഗിരി ഗൗഡയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാളാണ് ഹാരിസ്. ഹാരിസും മകനും ചേര്‍ന്ന് പാര്‍ട്ടിക്ക് പൊതുമധ്യത്തില്‍ നാണക്കേടുണ്ടാക്കി എന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു.

ശാന്തിനഗറില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന ഹാരിസ് കഴിഞ്ഞ തവണ 20,187വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെ ഡി എസിലെ വാസുദേവ മൂര്‍ത്തിയെ അടിയറവ് പറയിച്ചത്.
ബി ജെ പിയുടെ വെങ്കടേഷ് മൂര്‍ത്തി മൂന്നാം സ്ഥാനത്തായിരുന്നു. ഈ മണ്ഡലത്തില്‍ ഹാരിസിന് തന്നെയാണ് ജയസാധ്യതയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.