സംഘടിത സന്നദ്ധ സേവനങ്ങളാകാം; സി ഡി എ അനുമതി വേണം

Posted on: April 17, 2018 10:14 pm | Last updated: April 17, 2018 at 10:14 pm

ദുബൈ: സന്നദ്ധ സേവനങ്ങള്‍ക്ക് ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി ഡി എ)യുടെ അനുമതി നിര്‍ബന്ധമാക്കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സംഘമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതേസമയം സംഘം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ധന സമാഹരണം പാടില്ല. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പരസ്യം നല്‍കാന്‍ പാടുള്ളൂ. സന്നദ്ധപ്രവര്‍ത്തനത്തിനു വേണ്ട സുരക്ഷ പാലിക്കണം. അതോറിറ്റിയുടെ നിയമാവലി പാലിക്കണം. സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേറ്റ് സഹായം തേടാമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

പൊതുപണം ഫലപ്രദമായി നിയന്ത്രിക്കാനും ഉപയോഗിക്കാനും ലക്ഷ്യമിട്ടു ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി (എഫ് എ എ) രൂപവത്കരിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ അതോറിറ്റിയുടെ ചെയര്‍മാനായും അബ്ദുല്ല മുഹമ്മദ് സഈദ് ഗോബാഷിനെ ഡയറക്ടര്‍ ജനറലായും നിയമിച്ചു.

പൊതുപണം ഫലപ്രദമായി വിനിയോഗിക്കലാണ് അതോറിറ്റിയുടെ ഉദ്ദേശ്യം. ഗവണ്മെന്റിന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന്റെയും അവതരിപ്പിക്കുന്നതിന്റെയും മേല്‍നോട്ടവും അതോറിറ്റിയുടെ ചുമതലയാണ്. അതോറിറ്റിക്ക് കീഴിലുള്ള വകുപ്പുകളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതും ഇതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതും എഫ് എ എയുടെ ഉത്തരവാദിത്വമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാനും എഫ് എ എ സഹായമാകും. ചട്ടങ്ങള്‍ക്കനുസരിച്ച് ഫീസ്, സാധനങ്ങളുടെ വില, നികുതികള്‍, ലാഭം എന്നിവ കൃത്യമായാണ് കണക്കാക്കുന്നതെന്ന് ബോധ്യപ്പെടുക, ബാങ്കുകളുടെ പ്രവര്‍ത്തനം പരിശോധിക്കുക തുടങ്ങിയവയും എഫ് എ എയുടെ ബാധ്യതയാണ്. സാമ്പത്തിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പഠനവും ഗവേഷണവും നടത്തുകയെന്നതും അതോറിറ്റിയുടെ ചുമതലയാണ്.