Connect with us

Kerala

മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തടഞ്ഞത് സര്‍ക്കാറിന് സൃഷ്ടിച്ചത് കനത്ത പ്രതിസന്ധി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തടഞ്ഞത് കനത്ത പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാറിന് സൃഷ്ടിച്ചത്. സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പേരുദോഷം വരുത്തുകയും എന്നാല്‍ ഫലത്തില്‍ പ്രയോജനമൊന്നും ഉണ്ടായില്ല എന്നതാണ് സര്‍ക്കാറിനുണ്ടായ തിരിച്ചടി. ഇനി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമോ എന്നത് മാത്രമാണ് പ്രതീക്ഷ. അതേസമയം, വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന വിശദീകരണം നല്‍കി വിവാദങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗവര്‍ണറുടെ നടപടിയും പ്രതികൂലമായതോടെ കനത്ത തിരിച്ചടിയാണ് കണ്ണൂര്‍, കരുണാ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാറിനുണ്ടായത്. ഒന്നര മാസം നീണ്ട നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കുന്ന ദിവസമാണ് പ്രതിപക്ഷ പിന്തുണയോടെ ശബ്ദവോട്ടില്‍ വിവാദ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.

മുമ്പ് പല തവണ കോടതികളില്‍ നിന്ന് പ്രതികൂല ഇടപെടലുണ്ടായ സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ അന്നുതന്നെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പരാമര്‍ശങ്ങളോടെ സുപ്രിംകോടതി, പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ പുറത്തു പോകണമെന്ന വിധിയും പുറപ്പെടുവിച്ചു.

ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു നല്‍കുക എന്ന ഭരണഘടനാബാധ്യത നിറവേറ്റുക, അനന്തര നടപടി എന്തായാലും അംഗീകരിക്കുക എന്ന രണ്ട് മാര്‍ഗം മാത്രമാണ് പിന്നീട് സര്‍ക്കാറിന് മുമ്പില്‍ അവശേഷിച്ചത്. മുമ്പ് ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദ് ചെയ്തതും ബില്ലിന് നിയമസാധുത നേടിയെടുക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നതും സര്‍ക്കാറിന് മുന്നില്‍ പോംവഴികള്‍ ഇല്ലാതെയാക്കി. ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിദഗ്ധ പരിശോധനകള്‍ക്കും ശേഷം ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുന്നു. നിയമസെക്രട്ടറിയെ അതിനായി ചുമതലപ്പെടുത്തും മുമ്പ് തന്നെ തുടര്‍സാധ്യതകളെക്കുറിച്ച് സര്‍ക്കാറിന് നിശ്ചയമുണ്ടായിരുന്നു. ഗവര്‍ണര്‍ ബില്ല് തടഞ്ഞതോടെ സര്‍ക്കാറിന്റെ മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതെയായി. ബില്ലിന്മേല്‍ ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാലും അത് നല്‍കാതെ നടപടികള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അഥവാ, ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതിലും വലിയ തിരിച്ചടികളെ സുപ്രീം കോടതിയില്‍ നിന്ന് നേരിടേണ്ടി വരുമായിരുന്നുവെന്നതും അത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കാരണമായി. ഗവര്‍ണര്‍ തടഞ്ഞതോടെ ബില്‍ ഇല്ലാതായി.

വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയായിരുന്നു തീരുമാനമെടുത്തത് എന്നു തന്നെയാണ് സര്‍ക്കാര്‍ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തുണ നല്‍കിയ തീരുമാനമെന്ന നിലയില്‍ അവരുടെ പ്രതിഷേധങ്ങളെയും ഭയക്കേണ്ടതില്ല. എന്നാല്‍ നിയമസഭ പാസാക്കിയ ബില്ല് പാതിയില്‍ ഉപേക്ഷിച്ച് പിന്‍വലിയേണ്ടി വന്നത് പിണറായി സര്‍ക്കാറിന് കനത്ത പ്രഹരമേല്‍പ്പിച്ചു.

സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തിലാണ് കോടതിക്ക് മുന്നില്‍ സര്‍ക്കാറിന് അടിയറവ് പറയേണ്ടി വന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Latest