Connect with us

Kerala

കരിപ്പൂരില്‍ ഈവര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം 9215.24 ലക്ഷം രൂപ

Published

|

Last Updated

എയര്‍പോര്‍ട്ട് അതോറിറ്റി 23ാം വാര്‍ഷിക ഭാഗമായി കരിപ്പൂരില്‍ എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജെ ടി രാധാകൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം

കൊണ്ടോട്ടി: രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കരിപ്പൂരും അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 133.43 ലക്ഷം നഷ്ടത്തിലായിരുന്ന വിമാനത്താവളം 2016-17 വര്‍ഷത്തില്‍ 795.37 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി. 2017-18 വര്‍ഷത്തില്‍ 9215.24 ലക്ഷം രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുനത്.

95 ശതമാനം യാത്രക്കാരും പ്രവാസികളായിരുന്നിട്ടും കരിപ്പൂരിന്റെ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നില്ലെന്നത് പരമാര്‍ഥമാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ട് രണ്ട് വര്‍ഷമായി. ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് അതോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും കൈമാറി വര്‍ഷമായിട്ടും ഇതുവരെ സര്‍വീസ് നടത്താ ന്‍ അനുമതി ലഭിച്ചിട്ടില്ല. സഊദി സെക്ടറിലേക്ക് നേരിട്ട് വിമാനമില്ലെന്നതും കരിപ്പൂരിനോടുള്ള അവഗണനയായി തുടരുകയാണ്. കരിപ്പൂരില്‍ രാജ്യത്തെ ഏറ്റവും മികച്ചതും വലിയതുമായ ഹജ്ജ്ഹൗസ് ഉണ്ടായിട്ടും ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിന്ന് ഒഴിവാക്കിയതും സ്വകാര്യ വിമാനത്താവളമായ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതും കരിപ്പൂരിനോടും 82 ശതമാനം ഹാജിമാരുള്ള മലബാറിനോടുമുള്ള ഏറ്റവും വലിയ അവഗണനയാണ്.

പോരായ്മകളും അവഗണനകളും നിലനില്‍ക്കുമ്പോഴും പ്രവാസി സമൂഹം വലിയ ലാഭമാണ് കരിപ്പൂരിന് നേടിക്കൊടുക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇടത്തരം വിമാനങ്ങളില്ലാതെ തന്നെ 162 കോടിയുടെ ലാഭമാണ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ ആ വര്‍ഷം 200 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കരിപ്പൂര്‍ വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.

കരിപ്പൂരിലെ ലാഭവിഹിതത്തില്‍ നിന്ന് വര്‍ഷാവര്‍ഷം നല്‍കുന്ന സാമൂഹിക പ്രതിബദ്ധതാ വിഹിതം പൊതുസമൂഹത്തിന് ഏറെ ഗുണകരമാണെന്ന് എടുത്തുപറയേണ്ടതാണ്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം, പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ സോളാര്‍ ലാമ്പ്, എയര്‍പോര്‍ട്ടിലെ സീറോ വേസ്റ്റ് സമ്പ്രദായം തുടങ്ങിയവ ലാഭവിഹിതത്തില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മിച്ചതാണ്. മേഖലയിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ വിവിധ മത്സരങ്ങളും വിമാനത്താവളത്തിന്റെ സുകൃതങ്ങളില്‍പെട്ടവയാണ്.

കരിപ്പൂരില്‍ നിര്‍മാണം അവസാന ഘട്ടത്തിലായിരിക്കുന്ന പുതിയ ടെര്‍മിനലും റിസയും കമ്മീഷന്‍ ചെയ്യുന്നതോടെ കൂടുതല്‍ വിമാനങ്ങളും സഊദി സെക്ടറിലേക്കുള്ള സര്‍വീസുകളും പ്രതിക്ഷിക്കാവുന്നതാണ്. എയര്‍പോര്‍ട്ട് അതോറിറ്റി 23ാം വാര്‍ഷികം ഇന്നലെ കരിപ്പൂരില്‍ നടന്നു.

 

Latest