Connect with us

Sports

ഗോള്‍ഡ് കോസ്റ്റില്‍ കൊടിയേറി

Published

|

Last Updated


ബ്രിട്ടന്റെ ചാള്‍സ് രാജകുമാരന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നു

ഗോള്‍ഡ് കോസ്റ്റ്: കൊളോണിയല്‍ വ്യവസ്ഥിതിയുടെ ഓര്‍മപ്പെടുത്തലായി മാറുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ പ്രതിഷേധം ഒരുഭാഗത്ത്, മറുഭാഗത്ത് 71 രാഷ്ട്രങ്ങളില്‍ നിന്നുള്ള കായിക താരങ്ങളുടെ പുതിയ റെക്കോര്‍ഡ് പ്രകടനത്തിലേക്കുള്ള കാല്‍വയ്പ്. ഈ യാഥാര്‍ഥ്യത്തില്‍ നിന്നു കൊണ്ട് ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത്. റിയോ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയാണ്.
എച്ച് എസ് പ്രണോയ്, കെ ശ്രീകാന്ത്, ഷൂട്ടിംഗ് താരം ഗഗന്‍ നരംഗ്, വനിതാ ഡിസ്‌കസ് താരം സീമ പൂനിയ, പുരുഷ-വനിതാ ഹോക്കി താരങ്ങള്‍ എന്നിവര്‍ മാര്‍ച് പാസ്റ്റില്‍ പങ്കെടുത്തു.

സാധാരണ സാരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇന്ത്യന്‍ വനിതകള്‍ നീല കോട്ടും പാന്റ്‌സുമാണ് മാര്‍ച് പാസ്റ്റില്‍ ധരിച്ചത്. 222 അംഗ കായിക താരങ്ങളെയാണ് ഇന്ത്യ അയച്ചത്.

2014 ഗ്ലാസ്‌ഗോ ഗെയിംസില്‍ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും ഉള്‍പ്പടെ 64 മെഡലുകളാണ് ഇന്ത്യസ്വന്തമാക്കിയത്.

ആദ്യ മെഡല്‍ വനിതാ ബോക്‌സര്‍ക്ക്

ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗോള്‍ഡ് കോസ്റ്റില്‍ തിരി തെളിയുന്നതിന് മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി ആസ്‌ത്രേലിയന്‍ വനിതാ ബോക്‌സര്‍ തയ്‌ല റോബേര്‍ട്‌സണ്‍. ഗെയിംസിലെ മത്സരത്തിന് 9 ദിവസം ശേഷിക്കെയാണ് തയ്‌ല മെഡല്‍ നേടിയത്. ഗെയിംസില്‍ 51 കിലോഗ്രാം വിഭാഗത്തിലാണ് തയ്‌ല മത്സരിക്കുന്നത്. ഈ ഇനത്തില്‍ ആകെ ഏഴു ബോക്‌സര്‍മാര്‍ മാത്രമേ പങ്കെടുക്കുന്നുള്ളു. ഇതോടെ നറുക്കെടുപ്പില്‍ പത്തൊമ്പതുകാരിക്ക് സെമിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. സെമിയില്‍ പ്രവേശിച്ചാല്‍ വെങ്കലമെഡല്‍ ഉറപ്പാണെന്നതിനാല്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ആദ്യ മെഡലും ഈ ക്വീന്‍സ്‌ലന്‍ഡ്കാരിക്കുതന്നെ.രാജ്യത്തിനുവേണ്ടി ഇടിക്കൂട്ടിലിറങ്ങുന്നതും മത്സരിക്കുന്നതും വേറിട്ട അനുഭവമായിരിക്കുമെന്ന് തയ്‌ല പറഞ്ഞു.

തയ്‌ലയ്ക്ക് ഭാഗ്യം തുണയായെന്നാണ് കോച്ച് മാര്‍ക്ക് ഇവാന്‍സിന്റെ പ്രതികരണം.
ചില പുരുഷ ഇനങ്ങളില്‍ 2426 ബോക്‌സര്‍മാര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, വനിതാ ഇനത്തില്‍ കുറവാണ്. വെങ്കല മെഡല്‍ ഉറപ്പാണെങ്കിലും തങ്ങളുടെ ലക്ഷ്യം സ്വര്‍ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest