സൂഫി ഗായകന്‍ അംജദ് സബ്‌രിയെ വകവരുത്തിയ പ്രതികള്‍ക്ക് വധശിക്ഷ

Posted on: April 3, 2018 6:04 am | Last updated: April 3, 2018 at 12:38 am

ഇസ്‌ലാമാബാദ്: പത്ത് ഭീകരവാദികള്‍ക്ക് വധശിക്ഷ നല്‍കാന്‍ പാക്കിസ്ഥാന്‍ സൈനിക ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ അനുമതി നല്‍കി. പാക്കിസ്ഥാനിലെ അറിയപ്പെട്ട ഖവാലി സൂഫി ഗായകനായിരുന്ന അംജദ് സബ്‌രിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഇവരില്‍ ഉള്‍പ്പെടുന്നു. പ്രത്യേക സൈനിക കോടതിയിലാണ് പ്രതികളെ വിചാരണ ചെയ്തതെന്നും ഇവര്‍ 62 പേരെ ഹീനമായി കൊലപ്പെടുത്തിയതില്‍ പങ്കാളികളാണെന്നും സൈനിക വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അതിന് പുറമെ സുരക്ഷാ സൈനികരെ ആക്രമിച്ച കേസിലും പെഷവാറിലെ പഞ്ചനക്ഷത്ര ഹോട്ടലിന് നേരെ ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണെന്നും സൈന്യം അറിയിച്ചു.

മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് അരിഷ്, ഹബീബുര്‍റഹ്മാന്‍, മുഹമ്മദ് ഫയാസ്, ഇസ്മാഈല്‍ ശാ, മുഹമ്മദ് ഫസല്‍, ഹസ്‌റത്ത് അലി, മുഹമ്മദ് ആസിം, ഹബീബുല്ലാഹ് എന്നീ പത്ത് പേരുടെ വധശിക്ഷക്കാണ് ജനറല്‍ അനുമതി നല്‍കിയത്. മുഹമ്മദ് ഇസ്ഹാഖും മുഹമ്മദ് ആസിമും ഖവാലി ഗായകനായിരുന്ന അംജദ് സബ്‌രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. 2016 ജൂണ്‍ 22ന് കറാച്ചിയില്‍ വെച്ചായിരുന്നു അംജദ് സബ്‌രി വെടിയേറ്റു കൊല്ലപ്പെട്ടത്. തഹ്‌രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.