ന്യൂജെന്‍ ലഹരി മരുന്നുകളുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി ബന്ധം
Posted on: April 1, 2018 6:16 am | Last updated: April 1, 2018 at 12:16 am
പോലീസ് പിടികൂടിയ ന്യൂ ജെന്‍ രാസ ലഹരി മരുന്ന്

കൊച്ചി: കൊക്കൈയിന്‍ ഉള്‍പ്പെടെയുള്ള പുതുതലമുറ കെമിക്കല്‍ ഡ്രഗുകളുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (32), എര്‍ണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂര്‍ തലശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇതില്‍ ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവനൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍ നിന്നും കൊക്കൈയിന്‍, രണ്ട് ഗ്രാം വീതമുള്ള നിരവധി പിക്കറ്റ് എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പുകള്‍, എക്റ്റസി പില്‍സ് ഗുളികള്‍ തുടങ്ങിയ ന്യൂജെന്‍ കെമിക്കല്‍ ഡ്രഗുകളും നിരവധി പാക്കറ്റ് ഹാഷിഷ്, കഞ്ചാവ് എന്നിവയും കണ്ടെടുത്തു.

ലഹരിമരുന്ന് മാഫിയക്ക് എതിരെ സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക ഓപ്പറേഷന്‍ ‘ഡസ്റ്ററിന്റെ’ ഭാഗമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ദമ്പതികള്‍ എന്ന രീതിയില്‍ ചിലവനൂരെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഗോവയിലെ അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലെ ലഹരി ഉപഭോക്താക്കള്‍ക്കായി ന്യൂ ജെന്‍ കെമിക്കല്‍ ഡ്രഗുകള്‍ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികളാണ് പിടിയിലായ ബിലാലും ഗ്രീഷ്മയും. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഗോവയില്‍ നിന്നും ശേഖരിക്കുന്ന ലഹരി വസ്തുകള്‍ വിമാന മാര്‍ഗമായിരുന്നു ഇവര്‍ നഗരത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് കഞ്ചാവും ഹാഷിഷും എത്തിച്ച് നല്‍കിയിരുന്നത് കണ്ണൂര്‍ സ്വദേശിയായ ചിഞ്ചു മാത്യു ആയിരുന്നു. കാക്കനാട്ടെ ഫഌറ്റില്‍ നിന്നും പിടിയിലാകുന്ന സമയം അര കിലോയിലധികം കഞ്ചാവ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ നഗരത്തില്‍ ഹാഷിഷും കഞ്ചാവുമെത്തിക്കുന്ന പ്രവൃത്തി തുടര്‍ന്ന് പോകുകയായിരുന്നു.

സിനിമാ-സീരിയല്‍ രംഗത്തെ ആവശ്യക്കാര്‍ക്കായിരുന്നു ബിലാലും ഗ്രീഷ്മയും പ്രധാനമായും ലഹരി വസ്തുകള്‍ വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ചില പ്രമുഖ റസ്റ്റോറന്റെുകളുടേയും റെഡിമെയ്ഡ് ഷോപ്പുകളുടേയും ഉടമകള്‍ ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു.
ലഹരി വസ്തുക്കളുടെ വില്‍പന കൂടാതെ ഉപയോഗത്തിനായിയുള്ള സൗകര്യവും ഇവരുടെ താമസ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട സിനിമാ-സീരിയല്‍ രംഗത്തും മറ്റുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കറുപ്പസ്വാമി അറിയിച്ചു.

ഡിസ്ട്രിക് ക്രൈം ബ്രാഞ്ച് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ബിലാലിന്റെയും ഗ്രീഷമയുടേയും താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ന്യൂ ജെന്‍ കെമിക്കല്‍ ഡ്രഗുകള്‍ ഉപയോഗിക്കുന്നതിനായുള്ള നക്ഷത്ര സൗകര്യങ്ങളായിരുന്നു. ലഹരി വസ്തുക്കളുടെ വിതരണത്തിന് പുറമേ ടൂര്‍ പാക്കേജ് പോലെ ഉപയോഗത്തിനുമുള്ള സൗകര്യങ്ങള്‍ ഇവര്‍ ഇവിടെ ചെയ്തിരുന്നു. ഗോവയിലെ ന്യൂ ജെന്‍ ഡാന്‍സ് ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടുകൂടിയ ഡി ജെ മുറിയായിരുന്നു ലഹരി ഉപയോഗിക്കുന്നവര്‍ക്കായി ഒരുക്കിയിരുന്നത്. ലഹരി മോഹികള്‍ക്കായി വിവിധ തരം ലഹരി മരുന്നുകള്‍ അടങ്ങിയ രണ്ട് ദിവസത്തെ പാക്കേജ് ആയിരുന്നു പ്രധാനമായി നടത്തിയിരുന്നത്. പിക്കപ്പ് ആന്‍ഡ് ഡ്രോപ്പിങ്ങ് ഉള്‍പ്പെടെയുള്ള ഈ പാക്കേജിന് ഇരുപത്തിഅയ്യായിരം രൂപയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത.്

ഷാഡോ എസ് ഐ ഫൈസല്‍ മരട്, അഡീഷനല്‍ എസ് ഐ ശേഖരപിള്ള, തൃക്കാക്കര എസ് ഐ ഷാജു, സി പി ഒ മാരായ അഫ്‌സല്‍, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോന്‍, സുനില്‍, രഞ്ജിത്ത്, ശ്യാം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.