ആസ്റ്റിന്‍ ബോംബാക്രമണ പരമ്പര: പ്രതി സ്വയം സൃഷ്ടിച്ച സ്‌ഫോടനത്തില്‍ മരിച്ചു

Posted on: March 22, 2018 6:14 am | Last updated: March 22, 2018 at 12:18 am

ടെക്‌സാസ്: ആസ്റ്റിന്‍ പാര്‍സല്‍ ബോംബാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പോലീസ് പിടിയിലാകുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്തു. പോലീസ് അറസ്റ്റ് ചെയ്യാന്‍ വേണ്ടി തയ്യാറെടുക്കുന്നതിനിടെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കാറിനകത്തുവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി ആസ്റ്റിന്‍ പോലീസ് പറഞ്ഞു. ഈ മാസം രണ്ട് മുതല്‍ ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിനെല്ലാം പിറകില്‍ പ്രവര്‍ത്തിച്ചത് കൊല്ലപ്പെട്ട വ്യക്തിയായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആസ്റ്റിന് സമീപത്തുള്ള ഒരു ഹോട്ടലിന് മുന്നില്‍ പ്രതിയുടെ കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിടികൂടാനുള്ള അവസരം കാത്തിരിക്കുന്നതിനിടെ ഇയാള്‍ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ടുപോയി. എന്നാല്‍ പോലീസ് പിന്തുടര്‍ന്നതോടെ കാറിനകത്തുണ്ടായിരുന്ന ബോംബ് പൊട്ടിച്ച് സ്വയം മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. മാര്‍ക്ക് ആന്റണിയെന്നാണ് പ്രതിയുടെ പേരെന്ന് പോലീസ് പറഞ്ഞു.