Connect with us

Kasargod

ജാനകി വധം: തെളിവെടുപ്പ് തുടരുന്നു

Published

|

Last Updated

ചെറുവത്തൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. പ്രതികളുമായി അന്വേഷണസംഘം ഇന്നലെയും തെളിവെടുപ്പ് നടത്തി.

കൃത്യത്തിനായി ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ടു കത്തികള്‍ക്കും ടോര്‍ച്ചിനും വേണ്ടിയാണ് ഇന്നലെയും പുഴയില്‍ മുങ്ങിതപ്പിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കാസര്‍കോട് നിന്നെത്തിയ അഗ്‌നിസേന വിഭാഗത്തിന്റെ മുങ്ങല്‍ വിദഗ്ധരായ സ്‌കൂബ ടീമാണ് തിരച്ചില്‍ നടത്തിയത്. രണ്ടര മണിക്കൂറോളം കാര്യങ്കോട് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല.

അസി. സ്‌റ്റേഷന്‍ ഓഫീസര്‍ അശോകന്റെ നേതൃത്വത്തിലുള്ള എട്ടംഗ ടീമാണ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായത്. പ്രതിയായ വിശാഖുമായി പോലീസ് ഇന്നലെ പുലിയന്നൂരിലെ വീട്ടിലുമെത്തി. അവിടെ സ്വര്‍ണ്ണം പറമ്പില്‍ സൂക്ഷിച്ചിരുന്നുവെന്നു മൊഴി കൊടുത്തിരുന്നു. ആ സ്ഥലം പ്രതി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. കൂടാതെ മുഖം മൂടി വാങ്ങിയ നീലേശ്വരത്തെ കടയിലും പ്രതിയുമായി തെളിവെടുപ്പിന് പോലീസ് ചെന്നിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി കഴിഞ്ഞ ദിവസം കാര്യങ്കോട് പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള നെറ്റിയില്‍ ഉറപ്പിക്കുന്ന വിധത്തിലുള്ള ടോര്‍ച്ചാണ് ഇനി ലഭിക്കാനുള്ളത്. നേരത്തെ മുഖം മൂടികള്‍, ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെത്തിയിരുന്നു.

 

 

Latest