Kerala
ദേശീയ വോളി: കേരളം - റെയില്‍വേസ് സൂപ്പര്‍ ഫൈനല്‍ ഇന്ന്

കോഴിക്കോട്: 66ാമത് ദേശീയ വോളി കിരീടം തേടി കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ഇന്നിറങ്ങും. ഇരു വിഭാഗങ്ങളിലും റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. പൊരുതി കളിച്ച തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-22, 30-28, 25-21 ) മലര്‍ത്തിയടിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനലിലേക്ക് മുന്നേറിയത്. ഉഗ്രരൂപം പൂണ്ട് ജെറോമും ഇടിമുഴക്കമായി അജിതും സിംഹഗര്‍ജനമായി അഖിനും ഒപ്പം ആയിരക്കണക്കിന് വോളി ആരാധകര്‍ തീര്‍ത്ത ആവശേ തിരയളിക്കവും സമന്വയിച്ചപ്പോള്‍ കരിഞ്ഞ് ഒടുങ്ങിയത് തമിഴന്റെ പോരാട്ട വീര്യം.
66-ാമത് ദേശീയ വോളി ദര്‍ശിച്ച ഏറ്റവും വലിയ ആരാധക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് ജെറോമും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ഇന്നലെ നടന്ന വനിതാ വിഭാഗം രണ്ടാം സെമിയില്‍ നിരവധി ഇന്ത്യന്‍ താരങ്ങളടങ്ങിയ റെയില്‍വേ ദുര്‍ഭലരായ മഹാരാഷ്ട്രയെ തകര്‍ത്ത് കലാശപോരിന് യോഗ്യത നേടി. പരിചയ സമ്പന്നരായ റെയില്‍വേ താരങ്ങള്‍ക്ക് മുമ്പില്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കളിച്ച മഹാരാഷ്ട്ര ചിത്രത്തിലേ ഉണ്ടായില്ല. 25- 8, 25- 14 , 25- 18 എന്നിങ്ങനെയായിരുന്നു സെറ്റ് ഫലങ്ങള്‍.
കാണികള്‍ക്ക് ത്രില്ലിംഗ് അനുഭവം സമ്മാനിച്ചാണ് കേരള -തമിഴ്‌നാട് മത്സരം അവസാനിച്ചത്. അടിയും തിരിച്ചടിയുമായി കളിയുടെ തുടക്കം മുതല്‍ ഇരുടീമും ഒപ്പത്തിനൊപ്പം മുന്നേറി. ജെറോമിന്റെയും സംഘത്തിന്റെയും സ്മാഷുകള്‍ക്കും അട്ടഹാസങ്ങള്‍ക്കും ആര്‍ത്തലച്ച കാണികള്‍ തമിഴ്താരങ്ങളായ പ്രവീണ്‍കുമാറിന്റെയും അനന്ദ് രാജിന്റെയും ജമ്പിംഗ് സ്മാഷുകള്‍ക്ക് അറിയാതെ കൈയ്യടിച്ച് പോയി. കോളജ് വിദ്യാര്‍ഥികളായ ജി ആര്‍ വൈഷ്ണവും എല്‍ എം മനോജും കേരള നിരക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ മികച്ച ഫോം പുറത്തെടുത്ത അജിതിനും ജെറോമിനും മുന്നില്‍ സന്ദര്‍ശകര്‍ അടിയറവ് സമ്മതിക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ വോളിയിലെ ജെറോമിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ആദ്യ സെറ്റില്‍ കണ്ടത്. പത്ത് വിലപ്പെട്ട പോയിന്റാണ് ആദ്യ സെറ്റില്‍ അദ്ദേഹം കേരളത്തിന് നേടിതന്നത്.
മൈനസ് പോയിന്റില്‍ നിന്നും ജെറോം ഉതിര്‍ത്ത സ്മാഷുകള്‍ക്കൊന്നിലും തമിഴ്‌നാടിന്റെ മറുപടിയുണ്ടായില്ല. വിബിന്‍ സ്മാഷിലൂടെ നേടിയ മൂന്ന് പോയിന്റും അഖിനും രോഹിതും ബ്ലോക്കിലൂടെ പിടിച്ച മൂന്ന് പോയിന്റുമായിരുന്നു ആദ്യ സെറ്റിലെ കേരള ജയത്തിന്റ കാതല്‍. ആദ്യ സെറ്റില്‍ മൂന്ന് സര്‍വ്വുകള്‍ കേരളം പാഴാക്കി. 24- 18 എന്ന നിലയില്‍ പിന്നിട്ടുനില്‍ക്കെയാണ് തമിഴ്‌നാട് 24- 22 എന്ന നിലയിലേക്ക് കുത്തിച്ചെത്തിയത്. പ്രവീണ്‍കുമാറിന്റെ സര്‍വ്വില്‍ ലഭിച്ച തുടര്‍ പോയിന്റുകളായിരുന്നു പിന്‍ബലം.
ആദ്യ സെറ്റില്‍ ജെറോമായിരുന്നെങ്കില്‍ രണ്ടാം സെറ്റില്‍ അജിതായിരുന്നു തമിഴ്‌നാടിന്റെ അന്തകന്‍. ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ച സ്മാഷിലൂടെ ഒമ്പത് പോയിന്റാണ് അജിത് ആതിഥേയര്‍ക്ക് നേടിതന്നത്. കേരളം ശരിക്കും വെല്ലുവിളി നേരിട്ട സെറ്റായിരുന്നു രണ്ടാമത്തേത്ത്. ആറ് ഫിനിഷിംഗുകള്‍ നടത്തിയ ജെറോം നാല് സ്മാഷുകള്‍ പുറത്തേക്കടിച്ചു. സ്മാഷിന് പറ്റിയ പന്തായിട്ടും നാലോളം പ്ലേസുകള്‍ നടത്തി രോഹിതും ജെറോമും എതിരാളികള്‍ക്ക് ഒപ്പമെത്താന്‍ അവസരം നല്‍കി.
രണ്ടാം സെറ്റില്‍ 23 മുതല്‍ ഒപ്പം മുന്നേറിയാണ് തമിഴ്‌നാട് 30 -28ന് അടിയറവ് പറഞ്ഞത്. അവസാന നിമിഷം രണ്ട് ബ്ലോക്കിലൂടെയും ഒരു സ്മാഷിലൂടെയും അഖിന്‍ തുടര്‍ച്ചയായി നേടിതന്ന മൂന്ന് പോയിന്റാണ് കേരളത്തെ രക്ഷിച്ചത്. അഞ്ച് വീതം ഫിനിഷിംഗുകള്‍ നടത്തിയ പ്രവീണ്‍കുമാറു വൈഷ്ണവുമാണ് രണ്ടാം സെറ്റില്‍ സന്ദര്‍ശകരുടെ പോരാട്ടത്തിന് കരുത്ത് പകര്‍ന്നത്.
നാല് പോയിന്റിന്റെ വ്യത്യാസമേ ഉള്ളുവെങ്കിലും മൂന്നാം സെറ്റില്‍ കാര്യമായ വെല്ലുവിളി നേരിടാതെയാണ് കേരളം മത്സരം സ്വന്തമാക്കിയത്. 18 പോയിന്റുവരെ കേരളത്തിന് ഒപ്പമെത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞെങ്കിലും പിന്നീട് തളരുകയായിരുന്നു. സ്‌കോര്‍ 20 കടന്നതോടെ നൊടിയിടയിലാണ് പിന്നീട് 25- 21 എന്ന നിലയില്‍ മത്സരം അവസാനിച്ചത്. ആറ് പോയിന്റുകള്‍ നേടി തന്ന തമിഴ്‌നാട്ടുകാരനായ ക്യാപ്റ്റന്‍ ജെറോമായിന്റെ മികവായിരുന്നു മൂന്നാം സെറ്റിലും ആതിഥേയരുടെ കരുത്ത്. നാല് ഫിനിഷിംഗുകള്‍ നടത്തി അജിത് ലാലും മൂന്ന് വീതം ഫിനിഷിംഗുകള്‍ നടത്തി രോഹിതും അഖിനും ജെറോമിന് പിന്തുണയേകി.
തമിഴ്‌നാടിന്റെ കനപ്പെട്ട പല സമാഷുകള്‍ പിന്‍നിരയില്‍ പുഷ്പം പോലെ ഉയര്‍ത്തെടുത്ത കേരള ലിബറോ സി കെ രതീഷും പ്രശംസ പിടിച്ചുപറ്റി.
കാണികള്‍ക്ക് വിരസത സമ്മാനിച്ച, നിലവാരമില്ലാത്ത മത്സരമായിരുന്നു റെയില്‍വേ മഹാരാഷ്ട്ര സെമി ഫൈനല്‍. റെയില്‍വേസിന്റെ പിഴവുകളില്‍ നിന്നും നേടിയ പോയിന്റുകളാണ് പലപ്പോഴും മഹാരാഷ്ട്രയുടെ എക്കൗണ്ടില്‍ തെളിഞ്ഞത്. മലയാളി താരം മിനിമോള്‍ എബ്രഹാമിന്റെ സ്മാഷുകളാണ് റെയില്‍വേസിനെ ഫൈനല്‍ പ്രവേശനം എളുപ്പത്തിലാക്കിയത്. ഒപ്പം നിര്‍മലിന്റെ സര്‍വ്വുകളും വേറിട്ട് നിന്നു. ആദ്യ സെറ്റില്‍ മിനിമോള്‍ എബ്രഹാം സ്മാഷിലൂടെ റെയില്‍വേക്കായി നേടിയ എട്ട് പോയിന്റാണ് മഹരാഷ്ട്രയുടെ മുഴുവന്‍ താരങ്ങളും കൂടി നേടിയത്.
അതേ സമയം രണ്ടാമത്തെ സെറ്റില്‍ 14 പോയിന്റ് നേടിയെങ്കിലും റെയില്‍വേസിന് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല. മൂന്നാമത്തെ സെറ്റിലും സ്ഥതി മറിച്ചായിരുന്നില്ല.