Connect with us

Gulf

മൂന്ന് പതിറ്റാണ്ട് പ്രവാസം; പി ശിഹാബുദ്ദീന്‍ മടങ്ങുന്നു

Published

|

Last Updated

ഷാര്‍ജ: തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പി ശിഹാബുദ്ദീന്‍ 34 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു. പ്രവാസലോകത്തെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹിക മേഖലകളിലെ സേവനത്തിന് ശേഷമാണ് നാടണയുന്നത്.
1984ല്‍ തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലെത്തിയതോടെയാണ് ദീര്‍ഘകാലത്തെ പ്രവാസത്തിന് തുടക്കം കുറിച്ചത്. ദുബൈയില്‍ സ്വകാര്യ കമ്പനിയിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. അവിടെ 10 വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഷാര്‍ജ ടെലിവിഷനില്‍ ജീവനക്കാരനായി. രണ്ട് പതിറ്റാണ്ട് കാലം സേവനം ചെയ്തു. ജോലി നഷ്ടപ്പെട്ടപ്പോള്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ലഭിച്ചു. നാലര വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഷാര്‍ജ ടി വിയിലെ സേവനം ശിഹാബുദ്ദീന് ഏറെ സംതൃപ്തിയും സന്തോഷവും നല്‍കി. സേവനത്തിനിടെ ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടാനും പല ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. സേവനത്തിനിടെ സാമൂഹിക-ജീവകാരുണ്യ രംഗത്ത് സജീവമായ അദ്ദേഹം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈതാങ്ങായി മുന്‍പന്തിയില്‍ നിന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അംഗമായിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. കെ എം സി സി തിരുവനന്തപുരം ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി, ഇന്റര്‍നാഷണനല്‍ സെന്‍ട്രല്‍ തിരുവനന്തപുരം മുസ്‌ലിം സംഘടനയുടെ വിവിധ ഭാരവാഹിത്വം എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടില്‍ ചെലവഴിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുമാണ് താത്പര്യമെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. ജമീലയാണ് ഭാര്യ. മുഹമ്മദ് ഫൈസല്‍ (യു എ ഇ എക്‌സ്‌ചേഞ്ച് ദുബൈ), ഫാസില, ഫായിദ എന്നിവര്‍ മക്കളാണ്.