മേഘാലയയിലെ തീവ്രവാദി തലവനെ ഏറ്റുമുട്ടലില്‍ വധിച്ചു

Posted on: February 24, 2018 3:25 pm | Last updated: February 24, 2018 at 8:22 pm

ഗുവാഹത്തി: മേഘാലയയില്‍ തീവ്രവാദി നേതാവിനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി തലവന്‍ സോഹന്‍ ഡി ഷീരാ ആണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ പ്രമുഖ തീവ്രവാദി സംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത നേതാവാണ് സോഹന്‍. മേഘാലയ പൊലീസിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളാണ് ഇന്ന് രാവിലെ 11.50ഓടെ ഗാരോ മലനിരകളില്‍ വച്ച് ഇയാളെ വധിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി ജൊനാഥന്‍ സാങ്മയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയതിന് പിന്നില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

വടക്കന്‍ മേഘാലയ കേന്ദ്രമാക്കി സ്വതന്ത്ര്യ ഗാരോ രാജ്യം വേണമെന്ന ആവശ്യവുമായി 2010ലാണ് ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി സ്ഥാപിച്ചത്. ഫെബ്രുവരി 27ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.