ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്; കാരണം കാണിക്കല്‍ നോട്ടീസ്

Posted on: February 19, 2018 3:15 pm | Last updated: February 19, 2018 at 7:25 pm

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളുമായി മുന്നോട്ട്. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ആര്‍ടിഒ മാര്‍ക്കും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയത്.

സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കാലത്ത് ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാറിനെ നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളുമായി ഇന്നലെ ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. വി

ദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.