തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: കാന്തപുരം

Posted on: February 14, 2018 12:31 am | Last updated: February 14, 2018 at 12:31 am
കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഐബിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി കാന്തപുരം
എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍

ചേവായൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഐബ് ഇടയന്നൂരിന്റെ മൃതദേഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ , ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിയാണ് മൃതദേഹം ദര്‍ശിച്ചത്. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. മൃതദേഹം ഏറ്റുവാങ്ങാന്‍ കെ പി സി സി പ്രസിഡന്റ്എം എം ഹസന്‍, എം ഐ ഷാനവാസ് എം പി, ഹൈബി ഈഡന്‍ , അഡ്വ: ടി സിദ്ദീഖ് തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് തടിച്ചു കൂടിയത്. കണ്ണൂര്‍ ഡി വൈ എസ് പി. എം സുകുമാരന്‍, സി ഐ രതീഷ്, മെഡിക്കല്‍ കോളജ് സി ഐ മൂസ വള്ളിക്കാടന്‍ എന്നിവര്‍ക്ക് കീഴിലായി വന്‍ പോലീസ് സന്നാഹം മോര്‍ച്ചറി പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് മര്‍കസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കി.