നെഹ്‌റുവും പട്ടേലും

ഗോള്‍വാര്‍ക്കറും സവര്‍ക്കറും ഗോഡ്‌സെയും പ്രസരിപ്പിച്ച ദേശീയ ബോധം സങ്കുചിതവും ബഹുസ്വരതക്കു നിരക്കാത്തതുമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതാണ് നെഹ്‌റുവിനെ പോലെയുള്ള ദേശീയ നേതാക്കളെ സംഘ്പരിവാര്‍ കുടുംബത്തിനു അനഭിമതരാക്കിയത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തെ എല്ലാ മേഖലകളും താറുമാറായിരുന്നു. പോരാത്തതിന് വര്‍ഷങ്ങളോളം നീണ്ടു നിന്ന വിഭജന പ്രശ്‌നങ്ങളും രാഷ്ട്രീയ അസ്ഥിരതയും വര്‍ഗീയ സംഘട്ടനങ്ങളും. ഇത്ര വിശാലമായ, സാങ്കേതിക രംഗങ്ങള്‍ വിപുലപ്പെടാത്ത, ബഹുസ്വരത നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്തെ നിരവധി മേഖലകളില്‍ ലോകതലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താനായി എന്നത് ചെറിയ കാര്യമൊന്നുമല്ല.നെഹ്‌റുവും അംബേദ്കറും ആസാദുമടക്കമുള്ളവര്‍ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പും ശേഷവും നടത്തിയ ഇടപെടലുകള്‍ രാഷ്ട്രത്തിന്റെ നയരൂപവത്കരണത്തിലും വിദ്യാഭ്യാസ സാങ്കേതിക മേഖലകളിലെ വളര്‍ച്ചയിലും വഹിച്ച പങ്ക് അനിഷേധ്യമാണ്.    
Posted on: February 10, 2018 6:35 am | Last updated: February 9, 2018 at 11:36 pm

ചരിത്രാവബോധമുള്ള പ്രധാനമന്ത്രിയെ ലഭിക്കുകയെന്നത് പൗരന്മാരെ സംബന്ധിച്ചിടത്തോളം വലിയ സുകൃതം തന്നെ. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ജനാധിപത്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം ചാര്‍ത്തി നല്‍കിയും നരേന്ദ്രമോദി നടത്തിയ പ്രസ്താവനകള്‍ അല്‍പ്പം പരിഹാസ്യമായോ എന്ന് സമീപകാല ഇന്ത്യാ ചരിത്രത്തെ കുറിച്ച് ചെറിയ ധാരണ ഉള്ളവര്‍ ധരിച്ചുപോയാല്‍ അവരെ കുറ്റം പറയാനാകില്ല. നെഹ്‌റുവിനു പകരം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രിയാകേണ്ടിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എങ്കില്‍ മുഴുവന്‍ കശ്മീരും ഇന്ത്യയില്‍ ആകുമായിരുന്നു പോലും. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കശ്മീരിന് കിടക്കാന്‍ ഇന്ത്യാ എന്ന ബഹുസ്വര രാജ്യം തന്നെ ഉണ്ടാകുമായിരുന്നോ എന്ന് പ്രാധാനമന്ത്രിയുടെ അത്ര തന്നെ ചരിത്രബോധം ഇല്ലാത്ത ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും മറുപടി?
പ്രഥമ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന പട്ടേലിന് ഉണ്ടായിരുന്ന ജനാധിപത്യ മതേതര ഗുണങ്ങള്‍ ഏവര്‍ക്കും നന്നായി അറിയാം. നയതന്ത്രജ്ഞനും ഭരണനിപുണനുമായി സംഘ്പരിവാര്‍ സംഘങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പട്ടേലിന്റെ കൂര്‍മബുദ്ധി തെളിയിക്കുന്ന ഒരു സംഭവം പറയാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി പ്രഭുവിന്റെ നിര്‍ദേശപ്രകാരം സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടുമുമ്പായി ഇന്ത്യയില്‍ ഒരു ഇടക്കാല ഗവണ്മെന്റ് രൂപവത്കരിക്കുന്നു. കോണ്‍ഗ്രസിന് തൊട്ടു പിറകില്‍ തന്നെ വളരെ സജീവമായി മുസ്‌ലിം ലീഗുമുണ്ടായിരുന്നു രാഷ്ട്രീയ പോരാട്ടത്തില്‍. ജിന്നയും ലിയാഖത്തലിഖാനും ഉള്‍പ്പെട്ട ലീഗിനോടു നെഹ്‌റുവും പട്ടേലും ആസാദും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ലവലേശം താത്പര്യമുണ്ടായിരുന്നില്ല. ചില ബാഹ്യ സമ്മര്‍ദങ്ങളാല്‍ ലീഗിനെ സഹിക്കുന്നു എന്ന് മാത്രം. പ്രതീക്ഷിച്ച പോലെ തന്നെ വകുപ്പ് വിഭജന വേളയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പ്രധാനപ്പെട്ട ഏതെങ്കിലും ഒരു വകുപ്പ് ലീഗിന് നല്‍കണമെന്ന് വൈസ്രോയി നിര്‍ദേശിച്ചിരുന്നു. ആഭ്യന്തരം ലീഗിന് നല്‍കാമെന്ന് ആസാദ് നിര്‍ദേശം വെച്ചു. ഉടനെ വന്നു, തന്ത്രജ്ഞനായ പട്ടേലിന്റെ ഉപദേശം. ലീഗിന് ആഭ്യന്തരം വേണ്ട. ധനകാര്യം കൊടുത്താല്‍ മതി. ആസാദിന്റെ അഭിപ്രായം അതോടെ തള്ളപ്പെട്ടു. വ്യാപാരം, തപാല്‍, ആരോഗ്യം, നിയമം വകുപ്പുകള്‍ക്ക് പുറമെ പ്രധാന വകുപ്പായ ധനവും അങ്ങനെ ലീഗിന്റെ കൈയില്‍ വന്നുചേര്‍ന്നു. സ്വയം തന്ത്രശാലിയെന്നു കരുതിയിരുന്ന പട്ടേലിന് അപ്പോഴാണ് തനിക്കു സംഭവിച്ച അബദ്ധം മനസ്സിലായത്.

ധനം ഏറ്റവും മികച്ച വകുപ്പാണെന്നു ഭരണ നിപുണനായ ആസാദ് എപ്പോഴോ മനസ്സിലാക്കിയിരുന്നു. അത് ലീഗിന് നല്‍കുന്നതിനോട് അദ്ദേഹം തീരെ യോജിച്ചിരുന്നില്ല. ഏതൊരു പദ്ധതി നടപ്പിലാക്കാനും ധന വകുപ്പിന്റെ അംഗീകാരം വേണം. ധന വകുപ്പിന്റെ സമ്മതമില്ലാതെ ഒരു വകുപ്പിലും ആരെയും നിയമിക്കാനുമൊക്കില്ല. പട്ടേല്‍ ഇത് മനസ്സിലാക്കി വരുമ്പോഴേക്കും ലിയാഖത്ത് അലിഖാന്‍ ധനമന്ത്രിയായി ഭരണം തുടങ്ങിയിരുന്നു. ആസാദിന്റെ ഭരണപരിജ്ഞാനത്തിന്റെ മുമ്പില്‍ നിശ്ശബ്ദനായ ഈ പട്ടേല്‍ തന്നെ വേണമായിരുന്നു നരേന്ദ്ര മോദിക്ക്, അനേകായിരം ഭാഷയും സംസ്‌കാരവും കൊണ്ട് വൈവിധ്യവും വൈരുധ്യവും തീര്‍ത്ത ഒരു ജനതയെ ചാരത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചു അനന്തവിഹായസ്സിലേക്കു പറത്തിവിടാന്‍.

ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട പല പാഠങ്ങളും കോണ്‍ഗ്രസിന് പകര്‍ന്നു നല്‍കാന്‍ തന്റെ സംസാരത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുണ്ട്. രൂപവത്കരണ കാലം തൊട്ടേ കോണ്‍ഗ്രസ്, സംഘ്പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളില്‍ നിന്നു ആവശ്യത്തിലേറെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണല്ലോ. 1947 നു ശേഷം വലിയ കാലയളവും മതേതര കക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നിട്ടും രാജ്യം ഇത്രമേല്‍ വര്‍ഗീയ കരങ്ങളില്‍ അമര്‍ന്നു പോയിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണം സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പും ശേഷവും കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനവും സംഘ്പരിവാര്‍ സംഘങ്ങളോട് ചേര്‍ന്ന് നിന്നതുമായിരുന്നു. ബാബരി മസ്ജിദ് ദുരന്തം മുതല്‍ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ അന്തര്‍ നാടകങ്ങളും ചുവട് മാറ്റങ്ങളും കോണ്‍ഗ്രസിന്റെയും പാര്‍ട്ടി നേതാക്കളുടെയും മൃദുഹിന്ദുത്വ കൂറ്പ്രഖ്യാപനങ്ങളുടെ വേദികളായി മാറിയതും ഏവര്‍ക്കും അറിയുന്ന വസ്തുതകള്‍ തന്നെ.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് അരികുചേര്‍ന്ന് നില്‍ക്കുന്ന ഒരു നിലപാട് സംഘ്പരിവാര്‍ ശക്തികള്‍ ആദ്യം മുതലേ സ്വീകരിച്ചിരുന്നു. 1925ല്‍ ആര്‍ എസ് എസ് രൂപവത്കരിച്ചുകൊണ്ട് സംഘ് പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൃത്യമായ ഒരു സംഘടനാ രൂപംഹെഡ്‌ഗേവാര്‍ നല്‍കുന്നതിന് മുമ്പ് തന്നെ ഹിന്ദുമഹാസഭയും ആര്യസമാജവും വിഘടനവാദം മുഴക്കുകയും ബ്രിട്ടീഷ് വിധേയത്വം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭരണ മേഖലകള്‍ വിപുലപ്പെടുത്തുന്നതിനുമായി ഭരണാനുകൂലികളായ കുറെ ഇന്ത്യന്‍ നേതാക്കളെ ഒരുമിച്ചുകൂട്ടി ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടോവിയന്‍ ഹ്യൂം സ്ഥാപിച്ചതാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന വസ്തുതയൊക്കെ ചരിത്ര വായനയുള്ള എവര്‍ക്കുമറിയുന്നതാണല്ലോ. പിന്നീടെപ്പോഴോ അതിന്റെ നയങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ മുനകളായി പരിവര്‍ത്തിക്കപ്പെട്ടതും നാം കണ്ടു. പക്ഷേ, സാമ്രാജ്യത്വമേലാളര്‍ക്ക് പൂമുഖത്തും കിടപ്പറയിലും ഇടം നല്‍കിയ സംഘ്പരിവാര്‍ ദേശീയതയുടെ പേരില്‍ പുതിയ വിലാപങ്ങള്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചരിത്രബോധമുള്ളവര്‍ ആശ്ചര്യപ്പെടുന്നു.

സ്വാതന്ത്ര്യ ലബ്ധിയോടടുത്ത വേളയില്‍ രാജ്യവ്യാപകമായി നടന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍ സംഘ്പരിവാര്‍ സംഘങ്ങളുടെ റോള്‍ എന്തായിരുന്നു?വിഭജനത്തിനു മുമ്പ് മുസ്‌ലിം ഭൂരിപക്ഷമുണ്ടായിരുന്ന രണ്ട് മേഖലകളായിരുന്നല്ലോ പഞ്ചാബും ബംഗാളും. പഞ്ചാബില്‍ താരാസിംഗിന്റെ നേതൃത്വത്തില്‍ സിഖ് യുവാക്കള്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അകാലികള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് ആര്‍ എസ് എസ് നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ പടനയിച്ച സംഘ്പരിവാര്‍ കൂട്ടര്‍ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാന്‍ മടിച്ചിരുന്നില്ല എന്നതല്ലേ യാഥാര്‍ഥ്യം? മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച കോണ്‍ഗ്രസുകാരാകട്ടെ ആര്‍ എസ് എസ്, അകാലി കൂട്ടുകെട്ടിനെ പവിത്രമായി കണ്ടു. മുസ്‌ലിം ഭൂരിപക്ഷമായ പഞ്ചാബില്‍ സ്വാഭാവികമായും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കാന്‍ ഇത് കാരണമായി. കോണ്‍ഗ്രസ് വിട്ട അണികള്‍ക്ക് ഇടം നല്‍കിയത് മുസ്‌ലിം ലീഗായിരുന്നു. വിഭജനത്തിനു ലീഗ് ആവശ്യമുന്നയിച്ചപ്പോള്‍ പഞ്ചാബ് ജനതയെ കൊണ്ട് ലീഗിനനുകൂലമായി കൈ ഉയര്‍ത്താന്‍ സാഹചര്യം സൃഷ്ടിച്ചത് ആരൊക്കെ ചേര്‍ന്നായിരുന്നു എന്ന് ഇതില്‍ നിന്നും ഊഹിക്കാമല്ലോ?

ഹിന്ദുത്വവത്കരണം മുഖ്യ ലക്ഷ്യമായി കണ്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും ബ്രിട്ടീഷ് വിധേയരും ദേശീയവാദികളുമായി ഡബിള്‍ റോള്‍ ഭംഗിയായി അഭിനയിച്ചത് ചരിത്രത്തില്‍ കാണാം. കോണ്‍ഗ്രസിന്റെ ആദ്യ കാല നേതാക്കളില്‍ നിന്ന് സംഘ്പരിവാര്‍ കുടുംബത്തിലേക്കു ഫില്‍റ്റര്‍ ചെയ്‌തെടുക്കുമ്പോള്‍ ഇത്തരത്തില്‍ ഇരട്ടാഭിനയം നടത്തിയവര്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്. മദന്‍ മോഹന്‍ മാളവ്യയും തിലകനും ലജ്പത്‌റായിയും പട്ടേലും സംഘ്പരിവാര്‍ കുടുംബത്തിലെ വിശിഷ്ടാതിഥികള്‍ ആയി മാറിയതും ഈയൊരു പശ്ചാത്തലത്തില്‍ കാണണം. ഒരേ സമയം ദേശീയവാദി പരിവേഷമണിഞ്ഞ മാളവ്യ അതേ സമയം ഹിന്ദുമഹാ സഭയുടെ പ്രസിഡന്റുമായിരുന്നു. ഹിന്ദുത്വവത്കരണത്തിനു പ്രഥമ സ്ഥാനം നല്‍കിയിരുന്നതിനാല്‍ ചിലപ്പോഴൊക്കെ ദേശീയ സമരങ്ങളോട് പിന്തിരിഞ്ഞു നില്‍ക്കാനും ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. രാജ്യദ്രോഹ പ്രസംഗം നടത്തിയതിന്റെ പേരില്‍ 1921ല്‍ അലി സഹോദരന്മാരെ അറസ്റ്റ് ചെയ്യാന്‍ വൈസ്രോയി തീരുമാനിച്ചപ്പോള്‍, അലി സഹോദരന്മാരുടെ ഖിലാഫത്തു പ്രസ്ഥാനത്തെയും ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും എതിര്‍ത്ത മദന്‍ മോഹന്‍ മാളവ്യ എന്ന ഔദ്യോഗിക സ്വാതന്ത്ര്യ സമര സേനാനി വൈസ്രോയിയായ റീഡിംഗ് പ്രഭുവിന്റെ അരമനയില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അലി സഹോദരന്മാരെ അറസ്റ്റ് ചെയ്യാന്‍ പ്രധാന തടസ്സമായ ഗാന്ധിജിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വൈസ്രോയിക്ക് ബുദ്ധി ഉപദേശിച്ച നേതാവ് കൂടിയായിന്നു ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് കൂടിയായ മാളവ്യ. ബ്രിട്ടിഷ്‌വിരുദ്ധ സമരങ്ങള്‍ ശക്തിപ്പെടുകയും ഹിന്ദുത്വവത്കരണ സങ്കല്‍പ്പങ്ങള്‍ക്ക് അനുകൂല പശ്ചാത്തലം വേണ്ടവിധം കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്നില്ല എന്നും തിരിച്ചറിഞ്ഞതോടെ മാളവ്യ ദേശീയ സമരത്തില്‍ നിന്നു പിന്മാറി പൂര്‍ണസമയവും ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഗോഡ്‌സെക്കും ഗാന്ധിജിക്കും ഒരേ സമയം പൂക്കള്‍ ചാര്‍ത്തുന്ന ഇന്ത്യന്‍ ഫാസിസം ഏറ്റവും ആധുനികമായ നിലനില്‍പ്പിന്റെ ലിബറല്‍ ഫാസിസമായി മാറിയിരിക്കുന്നു. അനേകായിരം ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്ത് വരും തലമുറകള്‍ക്കു ആത്മാഭിമാനം നിറഞ്ഞ പോരാട്ട വഴികള്‍ സമ്മാനിച്ചപ്പോള്‍ സംഘ്പരിവാര്‍ കുടുംബത്തിലെ ദേശീയ പ്രതീകങ്ങള്‍ നടത്തിയ ദേശവഞ്ചനകള്‍ പലപ്പോഴായി നാം വായിച്ചും കേട്ടും അറിഞ്ഞതാണല്ലോ. വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ കാര്യം തന്നെയെടുക്കാം. ചെറുപ്പം മുതലേ ഹിന്ദു മഹാസഭയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ പഠനം നടത്തുന്നതിനിടെ ഫ്രീ ഇന്ത്യന്‍ സൊസൈറ്റി എന്ന സംഘത്തിനു രൂപം നല്‍കി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കാരണത്താല്‍ ബാരിസ്റ്റര്‍ പഠനം നിഷേധിക്കപ്പെട്ടു. അതിനിടെ സംഘാംഗങ്ങള്‍റഷ്യന്‍ വിപ്ലവകാരികളില്‍ നിന്നും ബോംബ് ഉണ്ടാക്കുന്ന വിദ്യ പഠിച്ചെടുക്കുകയും ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞു കൊല്ലുകയും ചെയ്തു. ഇതിലെ മുഖ്യപ്രതിയെ തൂക്കിലേറ്റുകയും കൂട്ടാളികളായിരുന്ന സവര്‍ക്കറെയും മറ്റും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയുമാണ് ചെയ്തത്.തടവ് ശിക്ഷ വിധിക്കപ്പെട്ട സവര്‍ക്കറെ ഇംഗ്ലണ്ടില്‍ നിന്നും നാടുകടത്തി. യാത്രാമധ്യേകപ്പലില്‍ നിന്നും ചാടി രക്ഷപ്പെട്ട സവര്‍ക്കര്‍ ഫ്രാന്‍സില്‍ വെച്ച് പോലീസ് പിടിയിലാവുകയും അന്തമാനിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നീക്കങ്ങളും നടക്കുന്നതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം ബ്രിട്ടീഷ് സേനക്ക് മുന്നില്‍ മാപ്പിരന്നു കീഴടങ്ങുന്നത്. തന്റെ എല്ലാ ബ്രിട്ടീഷ്‌വിരുദ്ധ ചെയ്തികളിലും അദ്ദേഹം കുമ്പസാരിച്ചു. ഭരണ കൂടത്തിനുഇപ്രകാരം കുറിപ്പെഴുതി. ‘കോടതിയില്‍ എനിക്ക് ന്യായമായ വിചാരണയാണ് ലഭിച്ചതെന്നും എനിക്ക് വിധിച്ചത് ഞാന്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുപോയ അക്രമങ്ങളുടെ പേരില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. ബ്രിട്ടീഷ് ഭരണഘടനയും നിയമങ്ങളും ഞാന്‍ കഴിവിന്റെ പരമാവധി അനുസരിക്കും. ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവരുന്ന ഭരണ പരിഷ്‌കരണ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ ഞാന്‍ ഉത്സാഹിക്കുന്നതാണ്.’ ഗാന്ധിജിയും കോണ്‍ഗ്രസും തള്ളിക്കളയുകയും ഇന്ത്യന്‍ ജനത പൂര്‍ണമായും ഗാന്ധിജിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ബ്രിട്ടീഷ് ഭരണ പരിഷ്‌കാരമായിരുന്നു 1919ലെ മൊണ്ടേഗ് ചെംസ് ഫോര്‍ഡിന്റെ പരിഷ്‌കാരങ്ങള്‍. ഈ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുന്നതിന് ഉത്സാഹം കാണിക്കാം എന്നായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷ് മേധാവികള്‍ക്ക് നല്‍കിയ ഉറപ്പ് .

ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബോംബെ പ്രവിശ്യയിലെ രത്‌നഗിരി വിട്ടുപോകില്ലായെന്നും ഇനിഒരു നിലക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ലെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. രാജ്യത്തെ സാധാരണക്കാരും ദേശീയ നേതാക്കളും ഒരേ ആവേശത്തോടെ നികുതി നിഷേധവും നിസ്സഹകരണ പ്രസ്ഥാനവും ജയില്‍ വാസവും അനുഭവിച്ചിരുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് പാദസേവകനായി തുടരാം എന്ന വ്യവസ്ഥയില്‍ സവര്‍ക്കര്‍ പുറത്തുവന്നത്. 1937ല്‍ അദ്ദേഹം ഹിന്ദുമഹാസഭയുടെ അധ്യക്ഷനായി. ബ്രിട്ടീഷ് അധികാരികളുടെ മുന്നിലുള്ള ഈ നിരുപാധിക കീഴടങ്ങല്‍ മൂടി വെച്ച് കൊണ്ടാണ് ഹിന്ദുത്വ ശക്തികള്‍ സവര്‍കക്ക് വീര പദവിയും ധീരദേശാഭിമാനിയുടെ പരിവേഷവും നല്‍കിയത്.

ഗോള്‍വാര്‍ക്കറും സവര്‍ക്കറും ഗോഡ്‌സെയും പകര്‍ന്നുനല്‍കിയ ദേശീയ ബോധം സങ്കുചിതവും ബഹുസ്വരതക്കു നിരക്കാത്തതുമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതാണ് നെഹ്‌റുവിനെ പോലെ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ദേശീയ നേതാക്കളെ സംഘ്പരിവാര്‍ കുടുംബത്തിനു അനഭിമതരാക്കിയത്. നൂറായിരം സംസ്‌കാരവും ഭാഷകളും മത ജാതി വിഭാഗങ്ങളും സാമൂഹിക വൈവിധ്യങ്ങള്‍ തീര്‍ത്തിരുന്ന ഇന്ത്യ എന്ന മഹാ ദേശത്തെ ഒരു രാഷ്ട്ര ക്രമത്തില്‍ മുന്നോട്ട് കൊണ്ട് പോവുക എന്നത് ഏറെ പ്രയാസകരമായ കാര്യമായിരുന്നു. രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തെ എല്ലാ മേഖലകളും താറുമാറായിരുന്നു. പോരാത്തതിന് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വര്‍ഷങ്ങളോളം നീണ്ടു നിന്ന വിഭജന പ്രശ്‌നങ്ങളും രാഷ്ട്രീയ അസ്ഥിരതയും വര്‍ഗീയ സംഘട്ടനങ്ങളും. ഭൂവിസ്തൃതിയില്‍ ഇത്ര വിശാലമായ, സാങ്കേതിക രംഗങ്ങള്‍ വിപുലപ്പെടാത്ത, ബഹുസ്വരത നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്തെ നിരവധി മേഖലകളില്‍ ലോകതലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താനായി എന്നത് ചെറിയ കാര്യമൊന്നുമല്ല.നെഹ്‌റുവും അംബേദ്കറും ആസാദുമടക്കമുള്ളവര്‍ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പും ശേഷവും നടത്തിയ ഇടപെടലുകള്‍ രാഷ്ട്രത്തിന്റെ നയരൂപവത്കരണത്തിലും വിദ്യാഭ്യാസ സാങ്കേതിക മേഖലകളിലെ വളര്‍ച്ചയിലും വഹിച്ച പങ്ക് അനിഷേധ്യമാണ്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കോണ്‍ഗ്രസില്‍ നുഴഞ്ഞു കയറിയ ഹിന്ദുത്വ താത്പര്യശക്തികള്‍ ദേശീയബോധത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തിയതിനെ അനുസ്മരിപ്പിക്കും വിധം ഒരു നൂറ്റാണ്ടിനിപ്പുറം ഫാസിസ്റ്റ് താത്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ശിരസ്സ് നമിച്ചപ്പോഴാണ് രാജ്യം ഭീതിയിലായത്. നരസിംഹ റാവു ഭരണകാലത്ത് ശക്തിപ്രാപിച്ച കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ ഭരണ ഉദ്യോഗസ്ഥ മേഖലകളില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കുകയും കോണ്‍ഗ്രസ് സ്വയം കുഴിതോണ്ടുകയും ചെയ്യുകയായിരുന്നു എന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു ഇന്ന്.

നിയമവ്യവസ്ഥകളെ പോലും വര്‍ഗീയവത്കരിക്കുന്ന, കോടതി ഇടപെടലുകള്‍ പോലും സംശയദൃഷ്ട്യാ വീക്ഷിക്കേണ്ട, സാമൂഹിക അരാജകത്വവും നെതന്യാഹുവിനെ പോലുള്ള വിദേശ ഭീകര വാദികളെ സത്കരിച്ചാനയിക്കുന്ന പുത്തന്‍ സാംസ്‌കാരിക കൂട്ടിക്കൊടുപ്പുകളും ഒരു ഭരണ കൂടത്തിന്റെ നാള്‍വഴികളില്‍ സദ്കര്‍മങ്ങളായി വായിക്കപ്പെടുന്നുവെങ്കില്‍ നമുക്കവരോട് വിനയപൂര്‍വം നല്ലൊരു സ്തുതികീര്‍ത്തനം പാടി പിരിയാം.