ഒമാനില്‍ നിന്നുള്ള വിദേശികളുടെ യു എ ഇ യാത്ര ഇനി രണ്ട് അതിര്‍ത്തികള്‍ വഴി മാത്രമെന്ന്

ദുബൈ
Posted on: December 30, 2017 7:48 pm | Last updated: December 30, 2017 at 7:48 pm

ഒമാനില്‍ നിന്ന് യു എ ഇയിലേക്ക് വരുന്ന വിദേശികളുടെ യാത്ര കൂടുതല്‍ ദുഷ്‌കരമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം ഒന്ന് മുതല്‍, ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് യു എ ഇയില്‍ എത്താന്‍ രണ്ട് അതിര്‍ത്തികളിലൂടെ മാത്രമെ സാധിക്കുകയുള്ളൂവെന്ന് യു എ ഇ അധികൃതരുടെ ഉത്തരവില്‍ വ്യക്തമാക്കുന്നതായി ഒമാന്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖതം അല്‍ ശിഖ്‌ല, മിസ്‌യദ് അതിര്‍ത്തികള്‍ വഴി മാത്രമാകും യു എ ഇയിലേക്കുള്ള പ്രവേശനം. സ്വദേശികള്‍ക്ക് നിലവിലുള്ള സ്ഥിതി തുടരും. പ്രവേശനം അനുവദിച്ച രണ്ട് അതിര്‍ത്തികളും തമ്മില്‍ 58 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. അബുദാബിയിലേക്ക് പ്രവേശിക്കുന്ന ബോര്‍ഡറുകളാണ് ഖതം അല്‍ ശിഖ്‌ലയും മിസ്‌യദും. എന്നാല്‍, ഒമാനില്‍ നിന്ന് യു എ ഇയിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുന്നവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഹത്ത ബോര്‍ഡറിലൂടെ പ്രവേശനം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹത്തയിലൂടെ പ്രവേശിക്കുന്നതിന് ഇളവ് നല്‍കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം, യു എ ഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് പുതിയ നിയന്ത്രണം ബാധിക്കില്ല. എന്നാല്‍, ഒമാന്റെ ഭാഗത്ത് നിന്ന് അതിര്‍ത്തി കടക്കുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രാജ്യത്ത് കഴിയുന്ന വിദേശികള്‍ അയല്‍ രാഷ്ട്രങ്ങളുടെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അനുവദിച്ച ബോര്‍ഡറുകള്‍ ഉപയോഗിക്കണമെന്നും ആര്‍ ഒ പി ആവശ്യപ്പെട്ടു.

ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് യു എ ഇ അതിര്‍ത്തിയില്‍ നേരത്തെ ലഭ്യമായിരുന്ന ഓണ്‍ അറൈവല്‍ വിസ സംവിധാനം ബുറൈമി ബോര്‍ഡറില്‍ പുനഃസ്ഥാപിച്ചതായും കഴിഞ്ഞ മാസം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.