Connect with us

Gulf

നയതന്ത്ര സൗഹൃദങ്ങള്‍ പുതുക്കി ഖത്വര്‍ അമീറിന്റെ പര്യടനം

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഗ്യൂനി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: നയതന്ത്ര സൗഹൃദങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നടത്തുന്ന പര്യടനം പുതിയ ചരിത്രത്തിലേക്ക്. ഇന്നലെ ഗ്യുനീയിലാണ് അമീര്‍ സന്ദര്‍ശനം നടത്തിയത്. സെനഗല്‍, മാലി, ബുര്‍ക്കിനോ ഫാസോ എന്നീ രാജ്യങ്ങളിലെ പര്യടനത്തിനു ശേഷം വ്യാഴാഴ്ച രാത്രിയോടെയാണ് അമീര്‍ ഗ്യുനീയിലെത്തിയത്.

തലസ്ഥാനമായ കൊണാക്രി വിമാനത്താവളത്തില്‍ പ്രസിഡന്റ് ആല്‍ഫ കോണ്‍ഡെ, പ്രധാനമന്ത്രി മാമാഡി യൗല, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ വരവേറ്റു. ഗ്യുനീ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തികം, നിക്ഷേപം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചും പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനത്തിലെ സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയില്‍ വന്നു. മേഖലയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സാമ്പത്തികമായും സാമൂഹികപരമായും വികസനപരമായും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതക്കുള്ള പിന്തുണ ഗ്യുനീ പ്രസിഡന്റ് അമിറിനെ അറിയിച്ചു. പ്രതിസന്ധിയില്‍ ഗ്യുനീയുടെ നിലപാടില്‍ അമീര്‍ നന്ദി അറിയിച്ചു. നിക്ഷേപത്തിന്റെ സംരക്ഷണം സംബന്ധിച്ചുള്ള ധാരണാപത്രം, ഖത്വര്‍ തുറമുഖ മാനേജ്മെന്റും കൊണാക്രി തുറമുഖവും തമ്മില്‍ സമുദ്ര ഗതാഗത കരാര്‍, യുവജനം, സാംസ്‌കാരികം, കായികം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും സഹകരിക്കുന്നതിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്. കൊണാക്രിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ഉച്ചവിരുന്നിന് ശേഷം കൊണാക്രി വിമാനത്താവളത്തിലെത്തി പ്രസിഡന്റും പ്രധാനമന്ത്രിയും അമീറിനെ യാത്രയാക്കി.

മാലി സന്ദര്‍ശനത്തിന് ശേഷം ബുര്‍ക്കിന ഫാസോയിലെ ഔഗാദൗഗു വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്ത്യന്‍ കാബോറാണ് സ്വീകരിച്ചത്. ബുര്‍ക്കിന ഫാസോ പ്രധാനമന്ത്രി പോള്‍ കാബ തെയ്ബയും ബുര്‍ക്കിന ഫാസോയിലെ ഖത്വര്‍ സ്ഥാനപതി മുഹമ്മദ് ജാബര്‍ അല്‍ ഖുവാരിയും ഖത്വറിലെ ബുര്‍ക്കി ഫാസോ സ്ഥാനപതി അദ്മ കോംമ്പാറോ, നയതന്ത്ര മേധാവികള്‍ എന്നിവര്‍ ചേര്‍ന്നാണ് അമീറിനെ സ്വീകരിച്ചത്. ബുര്‍ക്കിന ഫാസോയില്‍ ഇതാദ്യമായാണ് അമീര്‍ സന്ദര്‍ശനം നടത്തുന്നത്.

ഔഗാദൗഗുവിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമീറും ബുര്‍ക്കിന ഫാസോ പ്രസിഡന്റും ഉഭയകക്ഷി ബന്ധവും സഹകരണ മേഖലകളിലെ നിക്ഷേപങ്ങളും പങ്കാളിത്തവും ചര്‍ച്ച ചെയ്തു. ബുര്‍ക്കിന ഫാസോയുമായുള്ള സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിലുള്ള ഖത്വറിന്റെ പ്രതിജ്ഞാബദ്ധതയും അമീര്‍ വ്യക്തമാക്കി.

ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ബുര്‍ക്കിന ഫാസോക്ക് നല്‍കുന്ന സഹായം തുടരുമെന്നും അമീര്‍ ഉറപ്പ് നല്‍കി. മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിലുള്ള സഹകരണവും ഇരു രാജ്യങ്ങളും ഉറപ്പാക്കി.
കഴിഞ്ഞ ദിവസം മാലി ആസ്ഥാനമായ ബമാകോയിലെത്തിയ അമീര്‍ ശൈഖ് തമീമിനെയും സംഘത്തെയും പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കേത വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിവിധ സഹകരണ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് അമീര്‍ മാലിയില്‍ നിന്നും മടങ്ങി.

ബുര്‍കിനാ ഫാസോയിലായിരുന്നു അമീറിന്റെ അടുത്ത സന്ദര്‍ശനം. തലസ്ഥാനമായ ഉആഗഡോഗുവിലെത്തിയ അമീറിനെയും സംഘത്തെയും പ്രസിഡന്റ് റോഷ് മാര്‍ക് ക്രിസ്ത്യന്‍ കാബോറെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

പ്രധാനമന്ത്രി പോള്‍ കാബ തെയ്ബയും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും അമീറനെ സ്വീകരിക്കാനെത്തിയിരുന്നു. പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികിസിപ്പിക്കുന്നതു സംബന്ധിച്ച് ആശയങ്ങള്‍ പങ്കുവെച്ചു. രാജ്യാന്തര തലത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

 

Latest