മോഷണം; ഷാര്‍ജ പോലീസ് ബോധവത്കരണം ആരംഭിച്ചു

Posted on: December 23, 2017 7:53 pm | Last updated: December 23, 2017 at 7:53 pm

ഷാര്‍ജ: ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് വ്യാപക ബോധവത്കരണം ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കരണ സന്ദേശമെത്തിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രാജ്യത്ത് സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് ഷാര്‍ജ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം മുസബ്ബഹ് അല്‍ അജില്‍ പറഞ്ഞു. പൊതുസമൂഹവും പോലീസും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനും കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ജനങ്ങളെ ബോധവത്കരിക്കുകയെന്നത്. ജനങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനെകുറിച്ച് അവബോധം നല്‍കാന്‍ കാമ്പയിന്‍വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സ് പിന്‍ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക, അപരിചതരെ കാണിച്ചുകൊണ്ട് എ ടി എമ്മുകളില്‍ നിന്നും ബേങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാതിരിക്കുക, പുറത്തേക്ക് കാണുന്ന രീതിയില്‍ വാഹനങ്ങള്‍ക്കകത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ച് പുറത്തുപോകാതിരിക്കുക, ആരെങ്കിലും ദേഹത്തേക്ക് തുപ്പി നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖകള്‍ വാഹനയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യുന്നുണ്ട്. ബേങ്കുകള്‍, എ ടി എമ്മുകള്‍ തുടങ്ങിയവിടങ്ങളില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിയന്തരമായി 999 എന്ന നമ്പറിലും അല്ലാത്ത ആവശ്യങ്ങള്‍ക്ക് 901 നമ്പറിലും ബന്ധപ്പെടണം. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമോ നിയമവിരുദ്ധ പ്രവര്‍ത്തനമോ ശ്രദ്ധയില്‍ പെട്ടാല്‍ 065943210 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.