ഒട്ടകങ്ങള്‍ക്ക് ഹൈടെക് ആശുപത്രി

Posted on: December 16, 2017 7:52 pm | Last updated: December 16, 2017 at 7:52 pm

ദുബൈ: ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി ദുബൈയില്‍ തുറന്നു. നാലു കോടി ദിര്‍ഹം മുതല്‍മുടക്കി നിര്‍മിച്ച ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികില്‍സിക്കാം.

ചികിത്സക്കുശേഷം സുഖം പ്രാപിക്കുന്ന ഒട്ടകങ്ങള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ ആശുപത്രിയോടനുബന്ധിച്ച് മിനി റേസ് ട്രാക്കുമുണ്ട്. മികച്ച പരിശീലനം നേടിയ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമാണ് ഇവിടെയുള്ളത്. ശസ്ത്രക്രിയയ്ക്ക് 1,000 ഡോളര്‍ മുതലാണ് ഫീസ്. എക്‌സ്‌റേക്ക് 110 ഡോളറും.

ഒട്ടകങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാനും പഠന-ഗവേഷണങ്ങള്‍ക്കും സംവിധാനമുണ്ട്. അറേബ്യന്‍ ചരിത്രവുമായി അടുത്തബന്ധമുള്ള ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ആശുപത്രി നിര്‍മിച്ചതെന്ന് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.