Connect with us

National

സഹപ്രവര്‍ത്തകന്റെ കൊല: ഹായ് ബെംഗളുരു എഡിറ്ററുടെ വീട്ടില്‍ റെയ്ഡ് തുടരുന്നു

Published

|

Last Updated

ബെംഗളൂരു: സഹപ്രവര്‍ത്തകന്‍ സുനില്‍ ഹെഗ്ഗാരവള്ളിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ ഹായ് ബെംഗളൂരു ടാബ്ലോയ്ഡ് എഡിറ്റര്‍ രവി ബെലഗരെയുടെ പത്മനാഭനഗറിലെ വീട്ടിലും ഓഫീസിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെയും റെയ്ഡ് നടത്തി.

ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായ രവിയുടെ വീട്ടില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം തോക്കും തിരകളും കൂടാതെ മാനിന്റെ തോലും ആമയുടെ തോടും കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പും കേസേടുത്തത്. കൂടുതല്‍ എന്തെങ്കിലും കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്നലെയും റെയ്ഡ് നടത്തിയത്.

അതിനിടെ, മുന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായി ഇടക്കാല ജാമ്യത്തിലുള്ള രവി ബെലഗരെക്ക് വീണ്ടും അറസ്റ്റ് വാറന്റ് നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷം മുമ്പ് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസിലാണ് ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. രവി ബെലഗരെയോട് കോടതിയില്‍ ഹാജരാകാന്‍ സജയ്‌നഗര്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഏഴ് വര്‍ഷം മുമ്പ് യുവതി നല്‍കിയ പരാതിയിലായിരുന്നു രവിയുടെ പേരില്‍ പോലീസ് അപകീര്‍ത്തി കേസെടുത്തത്. എന്നാല്‍ ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും ബെലഗരെ കോടതിയില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകനായിരുന്ന സുനില്‍ ഹെഗ്ഗാരവള്ളിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ ബെലഗരെക്ക് 16 വരെയാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇതിനിടെയാണ് വീണ്ടും അറസ്റ്റ് വാറന്റ് വന്നത്. ജാമ്യം കിട്ടി പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബെലഗരെയെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest