ട്രംപിനെതിരെ പ്രതിഷേധം കത്തുന്നു; രണ്ട് ഫലസ്തീനികളെ ഈസ്‌റാഈലി സൈന്യം വെടിവെച്ചുകൊന്നു

Posted on: December 9, 2017 12:51 pm | Last updated: December 9, 2017 at 4:07 pm

വെസ്റ്റ് ബേങ്ക്: ഇസ്‌റാഈല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള പ്രകോപനപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ച രണ്ട് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊന്നു. തലക്ക് വെടിയേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്.

പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഫലസ്തീന്‍ ജനതയുടെ രോഷ പ്രകടനങ്ങള്‍ അടിച്ചമര്‍ത്താനാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ തെരുവില്‍ അണിനിരന്നതോടെ ഫലസ്തീന്‍ നഗരങ്ങളില്‍ പ്രതിഷേധാഗ്നി പടര്‍ന്നിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ഇസ്‌റാഈല്‍, യു എസ് വിരുദ്ധ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങിയിട്ടുണ്ട്.

ഇസ്‌റാഈല്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും മണിക്കൂറോളം നീണ്ടു. റാമല്ലയിലെ അല്‍ മനാറ ചത്വരത്തില്‍ നടന്ന കൂറ്റന്‍ റാലിക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍, നാബ്ലസ്, ജെനിന്‍, തുല്‍കാരെം, ജെറിശോ എന്നിവിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു.