ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ജീവനോടെ കത്തിച്ചു

Posted on: December 7, 2017 12:24 pm | Last updated: December 7, 2017 at 7:33 pm

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ജീവനോടെ കത്തിച്ചു. രാജ്‌സമന്ത് ജില്ലയിലാണ് സംഭവം. ബംഗാള്‍ സ്വദേശിയും രാജസ്ഥാനില്‍ കോണ്‍ട്രാക്റ്റ് തൊഴിലാളിയുമായ മുഹമ്മദ് അഫ്‌റസുള്‍ എന്നയാളെയാണ് ലൗ ജിഹാദ് ആരോപിച്ച് മൃഗീയമായി കൊലപ്പെടുത്തിയത്. കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന ആഭ്യാന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു.

ലൈവായി ചിത്രീകരിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയത്. വാളിന് സമാനമായ ആയുധം ഉപയോഗിച്ച് ഇയാള്‍ മുഹമ്മദ് അഫ്‌റസുളിനെ നിരന്തരം വെട്ടുകയായിരുന്നു. കൊല്ലരുതെന്ന് കേണപേക്ഷിച്ചെങ്കിലും ദയയുമില്ലാതെ ശംഭുനാഥ് റൈഗര്‍ നിരവധി തവണ വെട്ടി. പിന്നീട് തീയിട്ട് കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന റൈഗറിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.