ലക്ഷദ്വീപ് നിവാസികള്‍ക്ക് സാന്ത്വനവുമായി എസ് വൈ എസ്

Posted on: December 5, 2017 9:16 am | Last updated: December 5, 2017 at 9:16 am

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട്ട് കുടുങ്ങി വിഷമമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് സാന്ത്വനവുമായി എസ് വൈ എസ് നേതാക്കള്‍. കോഴിക്കോട്ടെയും ബേപ്പൂരിലെയും ലോഡ്ജിലും വാടക വീടുകളിലുമായി കഴിയുന്നവരെയാണ് എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചത്. എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറി എ മുഹമ്മദ് പറവൂര്‍, ഓഫീസ് സെക്രട്ടറി പറവൂര്‍ അബൂബക്കര്‍ സഖാഫി എന്നിരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സയ്യിദ് ജലാലുദ്ദീന്‍ മുഹ്‌സിന്‍ തങ്ങള്‍ (ആന്ത്രോത്ത്) സൈനുല്‍ ആബിദ് സഖാഫി (കവരത്തി) സബൂര്‍ ഹുസൈന്‍ (ചെത്ത്‌ലത്ത്) തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് നഷ്ടങ്ങള്‍ നേരിട്ട ദ്വീപുകളില്‍ ദുരിതാശ്വാസ പദ്ധതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. കോഴിക്കോട്ട് കുടുങ്ങിയ 110 പേര്‍ക്കും ഇന്ന് എസ് വൈ എസിന്റെ കീഴില്‍ പ്രാതല്‍ ഒരുക്കും. ഇന്ന് ദ്വീപിലേക്ക് മടങ്ങാന്‍ കഴിയാത്ത പക്ഷം നാളെ മുതല്‍ തുടര്‍ന്ന്  ഭക്ഷണം നല്‍കും.

ഇവര്‍ക്കായി അഞ്ചാം തീയതി വരെയുള്ള ഭക്ഷണ സൗകര്യം ജില്ലാ ഭരണ കൂടം ഒരുക്കിയിരുന്നത്. വെള്ളിപറമ്പിലെ വാടക വീട്ടില്‍ കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്റെ വീട്ടു വാടകയും ഭക്ഷണ ചെലവും വഹിക്കും.- നേതാക്കള്‍ പറഞ്ഞു.