പുതുച്ചേരിയിയില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കര്‍ശനമാക്കും: കിരണ്‍ ബേദി

Posted on: October 30, 2017 9:26 pm | Last updated: October 31, 2017 at 10:04 am

പുതുച്ചേരി: പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരിശോധന കര്‍ശനമാക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കര്‍ശന നിര്‍ദേശങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരിക്കുന്നത്. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്. പുതുച്ചേരിയിലെ അഞ്ച് ആര്‍.ടി.ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവു എന്നൊക്കെയാണ് പുതിയ നിര്‍ദേശങ്ങള്‍.

നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍, ജനരക്ഷായാത്രയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കയറി വിവാദമായ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ എന്നിവയൊക്കെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചവയാണെന്നു വെളിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണു ലഫ്.ഗവര്‍ണറുടെ നടപടി.