പ്രാര്‍ഥനകള്‍ വിഫലം: ടെക്‌സസില്‍ കാണാതായ ഷെറിന്റെ മൃതദേഹം കണ്ടെത്തി

Posted on: October 23, 2017 9:52 am | Last updated: October 23, 2017 at 1:45 pm

റിച്ചാഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഷെറിന്റെ മൃതദേഹം തന്നെയാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് ഷെറിനെ കാണാതായത്.

പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണ് വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പോലീസിനോട് പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പാണ് വെസ്‌ലി-സിനി ദമ്പതികള്‍ ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. സംഭവത്തില്‍ വെസ്‌ലിയെ പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.  പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണ് വിവരം പോലീസില്‍ അറിയിച്ചത്.