ഇനി പ്രീക്വാര്‍ട്ടര്‍ യുദ്ധം

  • ഇന്ന് കൊളംബിയ - ജര്‍മനി (വൈകു 5.00) , പരാഗ്വെ - യു എസ് (രാത്രി 8.00).
Posted on: October 16, 2017 8:45 am | Last updated: October 15, 2017 at 9:23 pm

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ ജര്‍മനിയെയും രാത്രി എട്ടിന് പരാഗ്വെ അമേരിക്കയെയും നേരിടും.
ന്യൂഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരു മത്സരവും. ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയ ജര്‍മനിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് അവര്‍ ജര്‍മനിക്ക് മുന്നറിയിപ്പ് നല്‍കി.
ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് കൊളംബിയ അവസാന പതിനാറില്‍ ഇടം കണ്ടെത്തിയത്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയും. ഘാനയോട് തോറ്റു തുടങ്ങിയ കൊളംബിയ ( 0-1 ) രണ്ടാം മത്സരത്തില്‍ ഇന്ത്യയെയും (2-1 ) അമേരിക്കയെയും (3-1) പരാജയപ്പെടുത്തിയാണ് യാത്ര സുഗമമാക്കിയത്. അതേസമയം, ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ ജര്‍മനി ഇറാനോട് മറുപടിയില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. കോസ്റ്ററിക്കയെ 2-1നും ഗിനിയയെ 3-1നും പരാജയപ്പെടുത്തിയാണ് ജര്‍മന്‍ പട പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

അണ്ടര്‍ 17 ലോകകപ്പില്‍ വലിയ മേല്‍ വിലാസം ഉണ്ടാക്കാന്‍ ഇതുവരെ കഴിയാത്ത ജര്‍മനി ഇത്തവണ നില മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ്. 1985 ലെ പ്രഥമ എഡിഷനില്‍ റണ്ണേഴ്‌സപ്പായതാണ് വലിയ നേട്ടം. ഓര്‍ലാന്റോ റെസ്‌ട്രെപ്പോ പരിശീലിപ്പിക്കുന്ന കൊളംബിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2003ല്‍ ഫിന്‍ലാന്‍ഡ് ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഏറ്റവും മികച്ച പ്രകടനം. സെമി പ്രവേശനം ഉറപ്പാക്കി സ്വപ്നം പൂവണിയിക്കാനുള്ള ശ്രമമാണ് കൊളംബിയക്ക്.
ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരായാണ് പരാഗ്വെയുടെ വരവ്. കളിച്ച മൂന്ന് കളികളിലും വിജയിച്ച അവര്‍ പത്ത് ഗോളുകളാണ് എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്. മാലിയെ 3-2ന് തോല്‍പ്പിച്ചായിരുന്നു തുടക്കം. പിന്നീട് ന്യൂസിലാന്‍ഡിനെനെയും (4-2) തുര്‍ക്കിയെയും ( 3-1) കീഴടക്കി. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായി അവസാന പതിനാറില്‍ ഇടം നേടിയ യുഎസിന് പരാഗ്വെ കടുത്ത വെല്ലുവിളി ഉയര്‍തതും.