കാഞ്ച ഐലയ്യയുടെ പുസ്തകം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

Posted on: October 15, 2017 1:50 am | Last updated: October 15, 2017 at 12:57 pm

ഡല്‍ഹ്: പ്രശസ്ത ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ ‘വൈശ്യര്‍ സമൂഹിക ചൂഷകര്‍’ എന്ന പുസ്തകം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ച് എഴുത്തുകാരന്‍ നടത്തുന്ന സൃഷ്ടി നിരോധിക്കുവാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി.

സ്വതന്ത്ര ചിന്തകളെ തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തിന് എപ്പോഴും വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ആര്യ വൈശ്യ സമുദായങ്ങളെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ കെ എന്‍ എന്‍ വി വീരാഞ്ജനേയലു ആണ് ഹര്‍ജി നല്‍കിയിരുന്നത്.

പുസ്തകത്തിലെ ഹിന്ദു മുക്ത ഭാരതമെന്ന അദ്ധ്യായം നീക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ആര്യ വൈശ്യ സമുദായങ്ങള്‍ക്കെതിരെ എഴുതിയതിന്റെ പേരില്‍ കാഞ്ച ഐലയ്യ വധഭീഷണി നേരിട്ടിരുന്നു.
കഴിഞ്ഞ മാസം സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.