ഭിക്ഷാടനമുക്ത കൊടുവള്ളി പ്രഖ്യാപനത്തിലൊതുങ്ങുന്നു

Posted on: October 1, 2017 12:22 pm | Last updated: October 1, 2017 at 12:22 pm

കൊടുവള്ളി: കൊടുവള്ളി നഗരസഭ ഭിക്ഷാടനമുക്തമായി പ്രഖ്യാപിച്ച് ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങിയിട്ടും ഫലം കാണുന്നില്ലെന്ന് പരാതി. നഗരസഭയിലെ കരുവമ്പൊയില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീടുകയറിയിറങ്ങിയുള്ള അന്യസംസ്ഥാനക്കാരുടെ പുതപ്പ് വില്‍പ്പന നിര്‍ബാധം നടന്നു. എട്ടോളം പേര്‍ മാന്യമായി വസ്ത്രധാരണം ചെയ്ത് കുറഞ്ഞ പുതപ്പുകളുമായി വീട്ടുകള്‍ കയറിയിറങ്ങുന്നത് നാട്ടുകാരില്‍ സംശയം ഉണര്‍ത്തി. സാമൂഹികമാധ്യമങ്ങളായ വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ പ്രതികരണങ്ങളുമായി അവര്‍ രംഗത്തുവന്നു. ഇത്തരം വില്‍പ്പന സംഘങ്ങളുടെ ഫോട്ടോകളും സമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

അതേസമയം, ഭിക്ഷാടനമുക്ത നഗരസഭയെന്ന് പ്രഖ്യാപിക്കുകയും കേരളത്തിലെ പ്രഥമ ഭിക്ഷാടനമുക്ത മുനിസിപ്പാലിറ്റിയെന്ന് അവകാശപ്പെടുകയും ചെയ്ത നഗരസഭാ ഭരണസമിതി തങ്ങളുടെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നിരോധിക്കപ്പെട്ട വിഷയങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്. കൊടുവള്ളി മുനിസിപ്പല്‍ പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യവും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ ഭിക്ഷാടനം നിരോധിക്കാന്‍ തീരുമാനിച്ചത്. പിന്നീട് അത് സര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തു. ഇതുപ്രകാരം യാചന, പാട്ടുപാടി പണം പിരിവ്, വീടുകള്‍ കയറിയിറങ്ങിയുള്ള വില്‍പ്പന, ആരാധനാലയങ്ങള്‍ക്ക് പരിസരവും അങ്ങാടി കവലകളും കേന്ദ്രീകരിച്ചുള്ള പിരിവ് എന്നിവയെല്ലാം നിരോധിച്ചിരുന്നു.