മെട്രോ നഗരഹൃദയത്തിലേക്കെത്താന്‍ ഇനി രണ്ടുനാള്‍

Posted on: October 1, 2017 11:05 am | Last updated: October 1, 2017 at 11:07 am

കൊച്ചി : കൊച്ചി മെട്രോ നഗരഹൃദയമായ മഹാരാജാസ് കോളേജിലേക്ക് കുതിച്ചെത്താന്‍ ഇനി രണ്ട് ദിവസം കൂടി.

സ്‌റ്റേഡിയം വരെയുള്ള കൊച്ചി മെട്രോയുടെ സര്‍വീസിന് ചൊവ്വാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

ചൊവ്വാഴ്ച രാവിലെ കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ വെച്ചാണ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് സര്‍വീസിന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. തുടര്‍ന്ന് മെട്രോ യാത്രക്ക് ശേഷമാകും ഇരുവരും ടൗണ്‍ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനെത്തുക. പുതിയ സര്‍വീസിന്റെ ആദ്യ ദിവസം യാത്രക്കെത്തുന്നവര്‍ക്ക് അവരവരുടെ തന്നെ കാരിക്കേച്ചര്‍ സമ്മാനിക്കാനും കെഎംആര്‍എല്‍ പദ്ധതിയിടുന്നുണ്ട്.
ഉദ്ഘാടനത്തലേന്ന് രാവിലെ 6.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ‘മെട്രോ ഗ്രീന്‍ റണ്ണും ഉണ്ടാകും. പരിസ്ഥിതി സംരക്ഷണം എന്ന ആശയമാണ് ഗ്രീന്‍ റണ്‍ മുന്നോട്ടുവയ്ക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്ന സര്‍വീസാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീളുന്നത്.