ദിലീപിനെതിരായ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി

Posted on: September 26, 2017 9:32 am | Last updated: September 26, 2017 at 4:02 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. കേസില്‍ യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ലെന്നും ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയെ അറിയിച്ചു.

കുറ്റവാളിയായ പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നത്. പ്രതികളുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിന്റെ പേരില്‍ ദിലീപിന് ഓരോ തവണയും ജാമ്യം നിഷേധിക്കുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് ്‌പോലീസിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍, പ്രോസിക്യൂഷന്‍ വാദം നാളെ നടക്കും.

മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ, രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.