ഉത്തര കൊറിയൻ സെെനിക മേഖലയിൽ യുഎസ് ബോംബറുകൾ പറന്നു

Posted on: September 24, 2017 11:58 am | Last updated: September 24, 2017 at 8:22 pm

വാഷിംഗ്ടണ്‍: യുഎസ് – ഉത്തര കൊറിയ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കൊറിയന്‍ തീരത്ത് പറന്നു. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരദേശമേഖലയിലാണ് പോര്‍വിമാനങ്ങള്‍ പറന്നത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉള്‍പ്പെടെ ഉത്തര കൊറിയ പ്രകോപനം തുടരുന്നതിനിടെയാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കൊറിയന്‍ മേഖലയില്‍ എത്തിയത്. ഇതുവരെ യുദ്ധ വിമാനങ്ങള്‍ പറക്കാതിരുന്ന കിഴക്കന്‍ തീരദേശ മേഖലയിലാണ് ഇത്തവണ വിമാനങ്ങള്‍ പറത്തിയത്. കൊറിയയിലെ സൈനികവത്കരിക്കപ്പെട്ട മേഖലയിലൂടെ യുദ്ധവിമാനം പറത്തുന്നതും ഇതാദ്യമാണ്.

ഉത്തര കൊറിയ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അനാവശ്യഭീഷണികള്‍ക്കുള്ള മറുപടിയായാണ് പോര്‍വിമാനങ്ങള്‍ പറത്തിയതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു. വിശാലമായ സൈനിക സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്നും പെന്റഗണ്‍ വ്യക്തമാക്കി.