National
ഇന്ത്യയില്‍ നിര്‍മിക്കുന്ന യുദ്ധവിമാനത്തിന്റെ ബാധ്യത ഏറ്റെടുക്കുകയില്ലെന്ന് യുഎസ് കമ്പനികള്‍

ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്നും നിര്‍മ്മാണത്തിലുണ്ടാകുന്ന പിഴവുകളുടെ ബാധ്യത ഏറ്റെടുക്കില്ലെന്നും അമേരിക്കന്‍ കമ്പനികള്‍ അറിയിച്ചു.
പ്രതിരോധ മന്ത്രിക്ക് ഇന്ത്യാ യുഎസ് ബിസിനസ് കൗണ്‍സില്‍ അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അമേരിക്കന്‍ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ് കമ്പനികളാണ് ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാമെന്ന് സമ്മതിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായാണ് ഇതിനെ കണക്കാക്കിയിരുന്നത്.
പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയ്ക്കാവശ്യമായ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനാണ് അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. സോവിയറ്റ് കാലത്തെ മിഗ് വിമാനങ്ങള്‍ മാറ്റി പുതിയ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുക എന്ന നയം വളരെക്കാലമായി പൂര്‍ണമാകാതിരുന്നതും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു.