രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

Posted on: September 19, 2017 6:37 am | Last updated: September 19, 2017 at 9:05 am

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. റെയില്‍വേ, ഹൈവേ നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്ന പണം വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ജി എസ് ടി, നോട്ട് നിരോധനം ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കരണം മൂലം നികുതി വരുമാനം കുറഞ്ഞതിനാല്‍ സര്‍ക്കാര്‍ പദ്ധതി ചെലവുകളടക്കം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 7.8 ബില്യണ്‍ നികുതിയാണ് സര്‍ക്കാറിന് ലഭിച്ചത്. ഇത് ലഭിക്കേണ്ട പകുതിയലധികമേ ആയിട്ടുള്ളൂ. ജി എസ് ടി നികുതി സമ്പ്രദായം നടപ്പാക്കിയതോടെ ദശലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ ഇതുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് നികുതി വരുമാനം കുറയുന്നതിന് കാരണമായത്. സ്ഥാപനങ്ങള്‍ പതിവ് സംവിധാനങ്ങള്‍ വഴി നികുതിയടക്കുന്ന രീതിമാറി. ഇത് സ്ഥാപനങ്ങള്‍ക്ക് പ്രായാസമായതോടെ സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്റെയും വില്‍പ്പന നികുതി ലഭിക്കുന്നത് കുറഞ്ഞു. എന്നാല്‍ വരുംനാളുകളില്‍ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് റവന്യൂ വരുമാനമുള്ളത്. ഏകദേശം 8000 കോടിയുടെ കുറവാണ് റവന്യു വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. പൊതുചെലവുകള്‍ വെട്ടിച്ചുരുക്കുകയും വികസന ചെലവുകള്‍ കുറക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് മറികടക്കാന്‍ കഴിയൂ. നികുതി വരുമാനം കുറഞ്ഞുവരുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും മുതിര്‍ന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നികുതി വരുമാനത്തില്‍ ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

എഴുപത് വര്‍ഷത്തിന് ശേഷം നടപ്പാക്കിയ നികുതി പരിഷ്‌കരണമാണ് വരുമാനം കുറയുന്നതിന് കാരണമായതെന്ന വാദമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നതെങ്കിലും നോട്ട് നിരോധനമുള്‍പ്പെടെയുള്ള മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളും റവന്യൂ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അതേസമയം ജി എസ് ടിയുമായി ബന്ധപ്പെട്ട അവ്യക്തതയും പ്രയാസകരമായ രീതിയിലുള്ള നികുതി റിട്ടേണ്‍ അടക്കുന്ന സംവിധാനങ്ങളും നികുതി വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ജി എസ് ടി ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള നികുതി പരിഷ്‌കരണമായതിനാല്‍ കമ്പനികള്‍ക്ക് ഈ മേഖലയിലുള്ള പരിചയക്കുറവ് എന്നിവ കമ്പനികളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സങ്കീര്‍മാക്കിയതും ജി എസ് ടിയുടെ വരവിന് ശേഷം നികുതി നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയില്‍ കമ്പനികള്‍ക്കുള്ള അവ്യക്തതയും ഇതിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.