മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍

Posted on: September 16, 2017 1:26 pm | Last updated: September 16, 2017 at 1:26 pm

തൃശൂര്‍: വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ആക്രമിച്ച കേസില്‍ സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22നായിരുന്നു കേസിനാസ്പദമായ സംഭവം.
പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചിരുന്നു. ഒരു ദിശയിലോക്കുള്ള വാഹനങ്ങള്‍ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനെതിരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.
തൃശൂരിലേക്ക് വന്ന കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞിട്ടതില്‍ പ്രകോപിതരായാണ് സംഘം ജീവനക്കാരനെ മര്‍ദിച്ചത്.

രക്ഷപെടാന്‍ വേണ്ടി മാര്‍ട്ടിന്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ കണ്ണന്‍ മാര്‍ട്ടിനെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ട് വീട്ടുകാരെയും മര്‍ദിക്കുകയായിരുന്നു. വീട്ടിലെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും സംഘം അടിച്ചു തകര്‍ത്തു. ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് മാര്‍ട്ടിനെയും ദമ്പതികളെയും ആശുപത്രിയില്‍ എത്തിച്ചത്.
പോലീസെത്തുമ്പോഴേക്കും സ്ഥലംവിട്ട കണ്ണനും കൂട്ടരും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ച ശേഷമാണ് കുന്നംകുളം കോടതിയില്‍ ഹാജരായത്. ആഴ്ചയിലൊരിക്കല്‍ സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പോലീസ് മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടു.