Connect with us

International

ഉത്തര കൊറിയക്ക് എതിരെ വീണ്ടും യുഎന്‍ ഉപരോധം

Published

|

Last Updated

യുണൈറ്റഡ് നാഷന്‍: ആഗോള രാഷ്ട്രങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ ആണവ പരിക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയക്ക് എതിരെ വീണ്ടും യുഎന്‍ ഉപരോധം. ഉത്തര കൊറിയയുടെ ടെക്‌സ്റ്റയില്‍, കല്‍ക്കരി കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. എതിരില്ലാതെ 15 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്. അമേരിക്ക തയ്യാറാക്കിയ കരട് പ്രമേയമാണ് സുരക്ഷാ കൗണ്‍സിലില്‍ വോട്ടിനിട്ടത്. 2006ന് ശേഷം ഉത്തര കൊറിയക്ക് എതിരെ യുഎന്‍ ചുമത്തുന്ന ഒന്‍പതാമത്തെ ഉപരോധമാണിത്.

ഈ മാസം ആദ്യം ആറാം ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്ക് എതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ്, സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെടുകയായിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്റെ കരടും യുഎസ് സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വോട്ടിംഗില്‍ ചൈനയും റഷ്യയും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുക, എണ്ണ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് യുഎസ് ആദ്യം പ്രമേയം തയ്യാറാക്കിയത്. എന്നാല്‍ ഈ നിബന്ധനകള്‍ നീക്കിയ ശേഷമാണ് പ്രമേയം വാേട്ടിനിട്ടത്.