എട്ട് ഗോള്‍ ജയം; സ്‌പെയിന്‍ ലോകകപ്പ് യോഗ്യതക്കരികെ

സെര്‍ബിയ, വെയില്‍സ്, തുര്‍ക്കി, ഇറ്റലി ജയിച്ചു
Posted on: September 7, 2017 9:44 am | Last updated: September 7, 2017 at 9:44 am
സെര്‍ജിയോ റാമോസ് സ്‌പെയ്‌നിനായി ഗോള്‍ നേടുന്നു

മാഡ്രിഡ്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിന് തകര്‍പ്പന്‍ ജയം. ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിന് ഇസ്‌റാഈലിനെയും ഐസ് ലാന്‍ഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉക്രൈനെയും ഫിന്‍ലാന്‍ഡ് ഏക ഗോളിന് കൊസോവോയെയും പരാജയപ്പെടുത്തി. തുര്‍ക്കിക്ക് മുന്നില്‍ ക്രൊയേഷ്യയും വീണു. സെര്‍ബിയ, വെയില്‍സ് ടീമുകളും ജയം കണ്ടു.ഗ്രൂപ്പ് ജിയില്‍ സ്‌പെയിന്‍ എട്ടു ഗോളുകള്‍ക്കാണ് ലിചെന്‍സ്റ്റനെ തരിപ്പണമാക്കിയത്. അല്‍വാരോ മൊറാട്ട, ലാഗോ അസ്പാസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.

റാമോസ്, ഇസ്‌കോ, സില്‍വ, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരു ഗോല്‍ സെല്‍ഫായിരുന്നു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഗോപെലാണ് സെല്‍ഫ് ഗോളടിച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഇസ്രാഈലിനെതിരെ ഇറ്റലിയുടെ ജയം രണ്ടാം പകുതിയിലെ ഏക ഗോളിന്. അമ്പത്തിമൂന്നാം മിനുട്ടില്‍ സിറോ ഇമ്മോബിലാണ് വിജയഗോള്‍ നേടിയത്. എട്ട് മത്സരങ്ങളില്‍ 19 പോയിന്റുമായി ഇറ്റലി ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനത്ത്.