Connect with us

International

പാക് തീവ്രവാദ സംഘടനകളെ ശക്തമായി വിമര്‍ശിച്ച് ബ്രിക്‌സ് പ്രമേയം

Published

|

Last Updated

സിയാമിന്‍: പാക് തീവ്രവാദി സംഘടനകളെ പേരെടുത്ത് വിമര്‍ശിച്ച് ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസ്സാക്കി. ഐഎസ്, അല്‍ ഖ്വയ്ദ, ജെയ്‌ഷേ മുഹമ്മദ്, ലഷ്‌കറേ ത്വയ്ബ, താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. പാക്കിസ്ഥാന്റെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടെയാണ് പ്രമേയം പാസ്സായത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉച്ചകോടിയില്‍ ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നു.

ആഗോള തലത്തിലെ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പ്രമേയം അപലപിക്കുന്നു. ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് വളം വെക്കുന്നവരെ പിന്തുണക്കാന്‍ ഒരു നിലക്കും സാധിക്കില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെയും പ്രമേയം അപലപിച്ചു.

രാവിലെ നടന്ന പ്ലീനറി സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് രാഷ്ട്രത്തലവന്മാരുമായി നടന്ന ചര്‍ച്ചയില്‍ ഭീകരതക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് മോദി വ്യക്തമാക്കി. ഇതിനെ മറ്റു രാഷ്ട്ര തലവന്മാര്‍ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം യാര്‍ഥാര്‍ഥ്യമായത്.

Latest