Connect with us

National

ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

Published

|

Last Updated

ചെന്നൈ: മെഡിക്കല്‍ പ്രവേശനം നേടാനാകാത്തതില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മരിച്ച അനിതയുടെ നാടായ അരിയല്ലൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.
സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ വഴിതടയല്‍ സമരം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി ജി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിടുതലൈ സിരുതൈ, നാം തമിഴര്‍ കക്ഷി തുടങ്ങിയ വിവിധ സംഘടനകളും സമരവുമായി രംഗത്തെത്തി.ചെന്നൈ സെന്‍ട്രലില്‍ ദ്രാവിഡ യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

മറീന ബീച്ചില്‍ പ്രകടനവുമായെത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്ത് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. സമരം വ്യാപിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിതയുടെ മരണത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവര്‍ മുദ്രാവാക്യം മുഴക്കി. ഇന്നലെയാണ് അരിയല്ലൂര്‍ സെന്തുറൈ കുഴുമുറൈയിലെ അനിത (17) ആത്മഹത്യ ചെയ്തത്. നീറ്റ് അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നേടാന്‍ കഴിയാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. നീറ്റ് പരീക്ഷയെ ചോദ്യം ചെയ്ത് അനിത നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.