Connect with us

Kerala

വിനായകന്റെ മരണം:വാടാനപ്പള്ളി എസ് ഐക്ക് ലോകായുക്തയുടെ അറസ്റ്റ് വാറന്റ്

Published

|

Last Updated

തൃശൂര്‍: പോലിസ് മര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടാനപ്പിള്ളി എസ് ഐയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. കേസ് ഡയറി ഹാജറാക്കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനാലാണ് എസ് ഐയെ അറസ്റ്റ് ചെയ്യാന്‍ തൃശൂര്‍ റൂറല്‍ എസ് പിക്ക് ലോകായുക്ത നിര്‍ദേശം നല്‍കിയത്. വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പോലിസിനോട് ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് എട്ട് വരെയുള്ള പരാതി രജിസ്റ്റര്‍ ഹാജരാക്കാനും ലോകായുക്ത നിര്‍ദേശം നല്‍കി.

അതേസമയം, മൂന്നാമതൊരാളുടെ ശക്തമായ മര്‍ദനമാണ് വിനായകന്റെ ദേഹത്ത് പാടുകള്‍ ഉണ്ടാകാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ലോകായുക്തമുമ്പാകെ മൊഴി നല്‍കി. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതിന്റെ ഭാഗമായാണ് പോലിസ് സര്‍ജന്‍മാരുടെ മൊഴി ലോകായുക്ത നേരിട്ടെടുത്തത്. വിനായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ പോലിസ് ഫോറന്‍സിക് സര്‍ജറി വിഭാഗം വകുപ്പുതല മേധാവി ഡോ. എന്‍ എ ബാലറാം, അസിസ്റ്റന്റ് പ്രഫ. ഡോ. കെ ബി രാഗിന്‍ എന്നിവരുടെ മൊഴിയാണ് ലോകായുക്ത എടുത്തത്.
ലോകായുക്ത ജഡ്ജി പയസ് പി കുര്യാക്കോസ്, ഉപലോകായുക്ത ജഡ്ജി കെ ടി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷനാണ് കേസ് പരിഗണിക്കുന്നത്.
കൂടാതെ വിനായകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ഐ, എസ് ഐ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി ദേശിയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ റാം ശങ്കര്‍ ഖട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു. വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest