Connect with us

National

24 മണിക്കൂറിനിടെ അമ്പതിനായിരം പേരെ ഒഴിപ്പിച്ചു ഗുജറാത്തില്‍ പ്രളയം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനജീവിതം താറുമാറായി. കാലവര്‍ഷം തുടങ്ങിയ ശേഷം 82 പേരാണ് മരിച്ചത്. ഇന്നലെ മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം അമ്പതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെയും സഹായത്തോടേയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബനസ്‌കന്ത, ആനന്ദ്, സബര്‍കന്ത, പഠാന്‍, വല്‍സാദ് ജില്ലകളിലാണ് പ്രധാനമായും നദികള്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്ക നില രൂക്ഷമായത്. ബനസ്‌കന്തയില്‍ മാത്രം 11,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ നാവികസേനാ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ഭക്ഷണവും മറ്റും എത്തിക്കുന്നത്. വ്യോമസേനാ കോപ്റ്ററുകള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഏഴ് ലക്ഷം ഭക്ഷണം പൊതികള്‍ വിതരണം ചെയ്തു.

സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളെയാണ് കനത്ത മഴ പ്രധാനമായും ബാധിച്ചത്. രാജസ്ഥാനിലെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരാന്‍ കാരണമായി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദുരന്തബാധിത മേഖലകളില്‍ ഇന്നലെയും തിങ്കളാഴ്ചയും 15-18 ഇഞ്ച് റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഒരു ലക്ഷം പേരെ ബാധിച്ചുവെന്നാണ് റവന്യൂ വകുപ്പ് കണക്കാക്കിയിരിക്കുന്നത്.
പലയിടങ്ങളിലും വൈദ്യുതി വിതരണം

തടസ്സപ്പെട്ടിരിക്കുകയാണ്. ട്രാക്കുകള്‍ വെള്ളത്തിലായതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇരുപത് സംസ്ഥാന ഹൈവേകളും ആറ് ദേശീയപാതകളും 370 മറ്റ് റോഡുകളും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. 294 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. നാല് വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍, 18 എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍, രണ്ട് സൈനിക ദളങ്ങള്‍ എന്നിവക്ക് പുറമേ ബി എസ് എഫും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. ബനസ്‌കന്തയില്‍ വീടിന് മുകളില്‍ അഭയം തേടിയ 1000 പേരെ വ്യോമ സേന രക്ഷപ്പെടുത്തി. പലപ്പോഴും കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശമാണിത്.

അതിനിടെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശ നിരീക്ഷണം നടത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൊത്തം അഞ്ഞൂറ് കോടിയുടെ ദുരിതാശ്വാസ നിധിയും അദ്ദേഹം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്പതിനായിരം രൂപ അനുവദിക്കും. കൃഷിനാശം സംഭവിച്ച കര്‍ഷകരെയും വീടുകള്‍ നഷ്ടപ്പെട്ടവരെയും സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. പ്രകൃതി ക്ഷോഭത്തോട് ഗുജറാത്ത് സര്‍ക്കാര്‍ സത്വരമായി പ്രതികരിച്ചുവെന്നാണ് തനിക്ക് മനസ്സിലായതെന്നും സ്വന്തം സംസ്ഥാനത്ത് ആകാശ നിരീക്ഷണം നടത്തിയ ശേഷം മോദി കുറിച്ചു. അഹമ്മദാബാദില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി രൂപാനി യോഗത്തിന് ശേഷം പറഞ്ഞു. അതേസമയം, പ്രളയ ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

Latest